ജില്ലയിൽ സംഭരിച്ചത‌് 78018.450 ടൺ

പാലക്കാട‌്
ജില്ലയിൽ ഒന്നാംവിള നെല്ല‌് സംഭരണം അവസാന ഘട്ടത്തിൽ. സപ്ലൈകോ വഴി ഇതുവരെ ജില്ലയിൽ സംഭരിച്ചത‌് 78018.450 ടൺ നെല്ലാണ‌്. സംസ്ഥാനത്തു സംഭരിച്ച 79418.579 ടൺ നെല്ലിൽ മുക്കാൽഭാഗവും പാലക്കാട‌് ജില്ലയിൽ നിന്ന‌് മാത്രമാണ‌്. ജില്ലയിൽ രജിസ‌്റ്റർ ചെയ‌്ത 30,867 കർഷകരിൽ നെല്ലളന്ന 24,556 പേർക്ക‌് പിആർഎസ‌് നൽകി. ആദ്യഘട്ടത്തിൽ നിസഹകരിച്ച മില്ലുടമകളിൽ 40 മില്ലുകൾ സംഭരണത്തിൽ സപ്ലൈകോയെ സഹായിക്കുന്നുണ്ട‌്.
താലൂക്കുകളിൽ 32020.37 ടണ്ണോടെ ചിറ്റൂരാണ‌് സംഭരണത്തിൽ മുന്നിൽ. ആലത്തൂരിൽനിന്ന‌് 27457.451 മെട്രിക് ടണ്ണും പാലക്കാടു നിന്ന‌് 17,403.640 ടണ്ണും ഒറ്റപ്പാലത്തുനിന്ന‌് 624.003 ടണ്ണും പട്ടാമ്പിയിൽനിന്ന‌് 505.153 ടണ്ണുമാണ‌് സംഭരിച്ചത‌്. മണ്ണാർക്കാടനിന്ന‌് 7.831 ടണ്ണാണ‌് സംഭരിച്ചത‌്.
കഴിഞ്ഞ ഒന്നാംവിളയേക്കാൾ കൂടുതൽ നെല്ല‌് ഇത്തവണ സംഭരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം സംഭരണ തർക്കം മൂലം കർഷകർ നെല്ല‌് സ്വകാര്യമില്ലുകൾക്ക‌് വിറ്റഴിച്ചിരുന്നു. ഇത്തവണയും തുടക്കത്തിൽ പ്രശ‌്നങ്ങൾ ഉണ്ടായെങ്കിലും സർക്കാർ ഇടപെട്ട‌് പരിഹരിച്ചു. ഒന്നാംവിള സംഭരണം ഡിസംബർ ആദ്യ ആഴ‌്ചയോടെ പൂർത്തിയാക്കാനാണ‌് തീരുമാനം.
മില്ലുകാരുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാൻ സഹകരണ സംഘങ്ങൾ വഴി നെല്ല‌് സംഭരിക്കാനുള്ള പദ്ധതിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട‌്. അതിനിടെ, മിക്ക സ്ഥലങ്ങളിലും രണ്ടാംവിള കൃഷി സജീവമായി. വളമിടലും മറ്റുമാണ‌് ഇപ്പോൾ നടക്കുന്നത‌്. എല്ലാ അണക്കെട്ടുകളിൽനിന്നും കൃഷിക്ക‌് വെള്ളം ലഭ്യമാക്കുന്നുണ്ട‌്. മലമ്പുഴ അണക്കെട്ടിൽനിന്ന‌് വലതുകര കനാലിലൂടെ വെള്ളം നൽകുണ്ട‌്. ഇടതുകര ബുധനാഴ‌്ച തുറക്കും.









0 comments