ജില്ലാ കലോത്സവത്തിന‌് നാളെ അരങ്ങുണരും

ജില്ലാ കലോത്സവത്തിന‌് നാളെ അരങ്ങുണരും
പാലക്കാട‌്
ജില്ലാ കലോത്സവത്തിന‌് ബുധനാഴ‌്ച അരങ്ങുണരും. ഗവ. മോയൻ ജിഎച്ച‌്എസ‌്എസിൽ വിദ്യാഭ്യാസ വകുപ്പ‌് ഉപഡയറക‌്ടർ പി യു പ്രസന്നകുമാരി പതാക ഉയർത്തുന്നതോടെ കലോത്സവത്തിന‌് തുടക്കമാകും. 20 വേദികളിൽ 199 ഇനങ്ങളിലായി 5200ലധികം കുട്ടികൾ പങ്കെടുക്കും. പ്രളയത്തെതുടർന്ന‌് ചെലവു ചുരുക്കി നടത്തുന്നതിനാൽ അഞ്ചു ദിവസത്തെ പരിപാടി രണ്ടു ദിവസമാക്കി. ഉദ‌്ഘാടന, സമാപന, സമ്മാനവിതരണ ചടങ്ങുകൾ ഒഴിവാക്കി. എച്ച‌് എസ‌്, എച്ച‌്എസ‌്എസ‌് വിഭാഗക്കാർക്ക‌് മാത്രമാണ‌് മത്സരം. പരിപാടികൾ സമയ ക്രമം പാലിക്കാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട‌്. അനൗൺസ‌് ചെയ‌്തിട്ട‌് നിശ‌്ചിതസമയത്തിനുള്ളിൽ എത്താത്തവരെ മത്സരിപ്പിക്കില്ല.
നൃത്തയിനങ്ങളിൽ വിധിനിർണയം സുതാര്യമാക്കാനായി വിധികർത്താക്കളിൽ അഞ്ചുപേരിൽ നിന്ന‌് മൂന്ന‌് പേരെ അവസാന നിമിഷം നറുക്കിട്ടാണ‌് തെരഞ്ഞെടുക്കുക. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ‌് കലോത്സവം.
ഒളപ്പമണ്ണ,തുഞ്ചത്തെഴുത്തച്ഛൻ, കലാമണ്ഡലം സത്യഭാമ, കുഞ്ചൻ നമ്പ്യാർ, ചെമ്പൈ, പി കുഞ്ഞിരാമൻ നായർ, മുണ്ടൂർ കൃഷ‌്ണൻകുട്ടി എന്നിവയാണ‌് വേദികൾ. മോയൻ ജിഎച്ച‌്എസ‌്എസ‌്, പിഎംജിഎച്ച‌്എസ‌്എസ‌്, ഒലവക്കോട‌് എംഇഎസ‌്, കൊപ്പം ജിഎൽപിഎസ‌്, താരേക്കാട‌് ഫൈൻ ആർട‌്സ‌് ഹാൾ, സുൽത്താൻപേട്ട ജിഎൽപിഎസ‌്, സെന്റ‌് സെബാസ‌്റ്റ്യൻസ‌് ഇംഗ്ലീഷ‌് മീഡിയം സ‌്കൂൾ, സെന്റ‌് സെബാസ‌്റ്റ്യൻസ‌് യു പി സ‌്കൂൾ, ബിഇഎംഎച്ച‌്എസ‌്എസ‌്, ഗവ. വിക‌്ടോറിയ കോളേജ‌് ഗ്രൗണ്ട‌് എന്നിവിടങ്ങളിലായാണ‌് വേദികൾ.
വാർത്താസമ്മേളനത്തിൽ കലോത്സവ ജനറൽ കൺവീനർ ഡിഡിഇ പി യു പ്രസന്നകുമാരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ‌്ദുൽ സുക്കൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം ആർ മഹേഷ‌്കുമാർ, കെ ഭാസ‌്കരൻ, ഹമീദ‌് കൊമ്പത്ത‌് എന്നിവർ സംസാരിച്ചു.









0 comments