ആളിയാറിൽനിന്ന‌് കൂടുതൽ വെള്ളമെത്തി; ചിറ്റൂരിലും പ്രളയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2018, 05:32 PM | 0 min read

പാലക്കാട‌്
ആളിയാറിൽനിന്ന‌് കൂടുതൽ വെള്ളമെത്തിയതോടെ ചിറ്റൂരിലും പ്രളയം. വ്യാഴാഴ‌്ച പുലർച്ചെ മൂന്നൊടെ ആളിയാറിൽനിന്ന് 11,000 ക്യുസെക്സ് എന്ന തോതിൽ വെള്ളം തുറന്നുവിട്ടതൊടെ ചിറ്റൂർ പുഴയിലേക്ക‌് വെള്ളമെത്താൻ തുടങ്ങി. 
പകൽ മൂന്നോടെ 14,637 ക്യുസെക്‌സായി ഉയർത്തി. പിന്നീട് മണിക്കൂറുകൾക്കകം ചിറ്റൂർ പുഴയിലേക്ക് ഒഴുകിയെത്തിയ വെള്ളം പുഴയിൽനിന്ന‌് ഇരുപതടിയിലധികം ഉയരമുള്ള വിളയോടി ഷൺമുഖം കോസ‌്‌വേ വെള്ളത്തിനടിയിലാക്കി. ഷൺമുഖം കോസ് വേയുടെ ഇരുഭാഗങ്ങളിലുമുള്ള കൈവരികൾ പൂർണമായും തകർന്നു. പാലത്തുള്ളി പാലവും വെള്ളത്തിനടിയിലായി. 
ചിറ്റൂരിൽ ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാൽ ജനം പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. കഴിഞ്ഞ പത്തു ദിവസത്തിലധികമായി  ചിറ്റൂർപ്പുഴയിലെ നീരൊഴുക്ക് ഉയർന്നതിനെത്തുടർന്ന്  മൂലത്തറ റെഗുലേറ്ററിനുതാഴെയുള്ള  മൂലത്തറ, ആലാംകടവ്, പാറക്കളം നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതോടെ ഗോപാലപുരം, മീനാക്ഷീപുരം പാത, നറണി, കോരിയാർചള്ള, കല്യാണപേട്ട, പാറക്കളം  ഭാഗത്തേക്ക‌് ഗതാഗതം നിലച്ചു. നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലായത്തോടെ ഈ പ്രദേശത്തുള്ളവർ വിളയോടി ഷൺമുഖം കോസ്‌വേയെയാണ് ആശ്രയിച്ചിരുന്നത്. നറണി, കല്യാണപേട്ട, വിളയോടി, പാറക്കളം എന്നിവടങ്ങളിൽനിന്ന് ചിറ്റൂരിലെത്താൻ അഞ്ച് കിലോമീറ്ററിനു താഴെ മാത്രം മതിയെന്നിരിക്കെ ഷൺമുഖം കോസ‌്‌വേകൂടി വെള്ളത്തിനടിയിലായതോടെ 25 കിലോമീറ്റർ ചുറ്റിവേണം ചിറ്റൂരിലെത്താൻ. 1050 അടി പരമാവധി സംഭരണശേഷിയുള്ള ആളിയാർ ഡാമിൽ പുലർച്ചെ 11,000 ക്യുസെക്സ് വെള്ളം മാത്രമാണ് തുറന്നതെങ്കിലും കൈവരികളായ ഉപ്പാർ, നെല്ലാർ, പാലാർ, വകരിയാർ, പനമ്പള്ളം എന്നിവടങ്ങളിലെ വെള്ളവും ആളിയാറിലെത്താതെ ചിറ്റൂർപ്പുഴയിൽ എത്തിയതാണ് വെള്ളം ഇത്രയധികം ഉയരാൻ ഇടയാക്കിയത്. മണക്കടവിൽ  32,000 ക്യുസെക്സ് വെള്ളമെത്തിയതായി രേഖപ്പെടുത്തി. 2009 നവംബറിൽ ആളിയാറിൽനിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് മൂലത്തറ റെഗുലേറ്റർ തകർന്നുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം പിന്നീട് ഇതാദ്യമായാണ് പുഴയിൽ ഇത്രയധികം വെള്ളം ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആളിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ വാൽപ്പാറയിൽമാത്രം 410 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ആ പ്രദേശങ്ങളിൽ മഴ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിലും പുഴയിൽ വെള്ളത്തിന്റെ അളവ് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
പുഴയ്ക്ക് ഇരുകരകളിലും കയർ കെട്ടി പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചിറ്റൂർ പുഴപ്പാലത്തിനുസമീപത്തെ വാതക ശ്മശാനത്തിലേക്ക് വെള്ളം കയറിയതിനെ ത്തുടർന്ന് അടച്ചു. പുഴപ്പാലത്തിനുമുകളിൽ വിള്ളൽ അനുഭവപ്പെട്ടത്  ഭീതി പടർത്തിയതോടെ പൊലീസ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പിന്നീട് പൊതുമരാമത്ത് പാലംവിഭാഗം അധികൃതർ പരിശോധിച്ച‌് കുഴപ്പമില്ലെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് പാലത്തിനു മുകളിലേക്ക് ആളുകളെ കയറ്റി വിട്ടതും ഗതാഗതം പൂർവസ്ഥിതിയിലാക്കിയതും. 
പൊലിസിന്റെ ഭാഗത്തു നിന്ന‌് മുന്നറിയിപ്പും പാലങ്ങൾക്ക്സമീപം കാവലും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളം കാണാൻ നാട്ടുകാരുടെ തിരക്ക്  അപകട ഭീതി സൃഷ്ടിക്കുന്നുണ്ട്. എരുത്തേമ്പതി പഞ്ചായത്തിലെ വരട്ടയാർ പുഴയ്ക്ക് കുറുകെ ഒരു വർഷംമുമ്പ‌് നിർമിച്ച വില്ലൂന്നി പാലം വെള്ളപ്പാച്ചിലിൽ തകർന്നു. ചിറ്റൂർ പുഴയ്‌ക്കൊപ്പം വരട്ടയാർ, കോരയാർ പുഴകളും കരകവിഞ്ഞാണ് ഒഴുകുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി ചിറ്റൂർ താലൂക്കിലെ വടകരപ്പതി, എരുത്തേമ്പതി, വലങ്ങി, നെല്ലിയാമ്പതി, വടവന്നൂർ, അയിലൂർ, പല്ലശ്ശന, എലവഞ്ചേരി പഞ്ചായത്തുകളിൽക്കൂടി ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട‌്.


deshabhimani section

Related News

View More
0 comments
Sort by

Home