തിരക്കേറി ടൂറിസം മേഖല, ആലപ്പുഴ തിരിച്ചുവരവിന്റെ പാതയിൽ

ആലപ്പുഴ
പ്രളയം കടന്ന‌് കുതിക്കാനൊരുങ്ങി വിനോദസഞ്ചാരമേഖല. സീസൺ ആരംഭിച്ചതോടെ ആലപ്പുഴയിലേക്ക‌് സഞ്ചാരികളുടെ വരവും വർധിച്ചു.
കായലും കരിമീനും കടലോരവുമെല്ലാം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക‌് ആഗസ‌്ത് വരെ നീളും. മൺസൂൺകാലത്ത‌് ഉത്തരേന്ത്യക്കാരും അധികമെത്തുന്നതോടെ പ്രളയദുരിതത്തിൽ നിന്ന‌് വിനോദസഞ്ചാരമേഖല പച്ചപിടിക്കുമെന്നാണ‌് പ്രതീക്ഷ. നോട്ടുനിരോധനത്തിൽ തുടങ്ങിയതാണ‌് ടൂറിസത്തിന്റെ ശനിദശ. കിതച്ചും മാന്ദ്യത്തിൽ മുങ്ങിയും ഒരുകൊല്ലം കടന്നുപോയി. നിപ വൈറസിന്റെ രൂപത്തിലായിരുന്നു അടുത്ത വെല്ലുവിളി. ആലപ്പുഴയുടെ ഏഴയലത്ത‌് നിപ എത്തിയില്ലെങ്കിലും ടൂറിസത്തിന‌് മൊത്തത്തിൽ കഥകഴിഞ്ഞു. നിപയെയും അതിജീവിച്ച‌് കേരളം മുന്നേറുന്നതിനിടെയാണ‌് എല്ലാം തകർത്തെറിഞ്ഞ‌് പേമാരിയും പ്രളയവും. പ്രളയത്തിൽ എല്ലാം തകർന്നെന്ന പ്രചാരണം വൈറലായതോടെ മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തകാലത്തെ ടൂറിസത്തെയും ബാധിച്ചു. 2018ൽ വിനോദസഞ്ചാരവകുപ്പ‌് ഔദ്യോഗികമായി വെബ‌്സൈറ്റുകളിലും രാജ്യാന്തരതലത്തിലും പ്രചരിപ്പിച്ചത‌് നീലക്കുറിഞ്ഞിയായിരുന്നു. പ്രളയത്തെ അതിജീവിച്ച ആലപ്പുഴ ടൂറിസം രംഗത്തും തിരിച്ചുവരവിന്റെ പാതയിലാണ‌്.
വേമ്പനാട്ടുകായലിനു തന്നെയാണ‌് മുഖ്യആകർഷണം. വള്ളംകളിയും ഉൾനാടൻ ജലാശയയാത്രയും കടലോരസൗന്ദര്യക്കാഴ‌്ചയും മറ്റൊരു പ്രചാരണായുധം. വള്ളംകളി ഈ വർഷം ലീഗ‌് അടിസ്ഥാനത്തിലുള്ള മത്സരമാകുന്നതോടെ ആഗസ‌്ത‌് മുതൽ നവംബർ വരെ സഞ്ചാരികളെ പിടിച്ചുനിർത്താനുള്ള ഉപാധിയാകും. ഫോർട്ടുകൊച്ചി കഴിഞ്ഞാൽ മാരാരി ബീച്ചിലേക്ക‌് സഞ്ചാരികളേറെ എത്തുന്നുണ്ടെന്നാണ‌് കണക്ക‌്. ശാന്തവും മനോഹരവുമായ ബീച്ചിന്റെ പട്ടികയിലാണ‌് മാരാരി. ഹോംസ‌്റ്റേയും ആകർഷണം.
സഞ്ചാരികളുടെ വരവിൽ എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാൽ ആലപ്പുഴയ‌്ക്കാണ് മൂന്നാംസ്ഥാനം. ഇംഗ്ലണ്ടിൽ നിന്നാണ് സഞ്ചാരികളധികവും. ഫ്രാൻസ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, റഷ്യ, മലേഷ്യ, സ്വിറ്റ്സർലൻഡ‌്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ആലപ്പുഴ ആസ്വദിക്കാനെത്തുന്നവരുമേറെ. കായൽ ടൂറിസത്തിനൊപ്പം കുട്ടനാടൻ കൃഷിയും അനുബന്ധ ജീവിതരീതികളും സഞ്ചാരികളിലേക്ക‌് പകരാനും ശ്രമമുണ്ട‌്. ഉത്തരവാദിത്വടൂറിസം മിഷൻ മുഖേനയാണ‌് ചുവടുവയ‌്പ‌്. പൈതൃക നഗരമായി ആലപ്പുഴ വികസിക്കുന്നതോടെ കൂടുതൽ ദിവസം സഞ്ചാരികൾ ആലപ്പുഴയിൽ തങ്ങാൻ ഇഷ്ടപ്പെടുമെന്നാണ‌് പ്രതീക്ഷ. കയർ മ്യൂസിയം, ഗുജറാത്തി തെരുവിന്റെ പുനരാവിഷ‌്കാരം, കടൽപാലത്തിന്റെ പുനർനിർമിതി തുടങ്ങിയവയും സഞ്ചാരികളെ ലക്ഷ്യമിടുന്നു. ടൂറിസം വകുപ്പിനൊപ്പം ഡിടിപിസിയും ശ്രദ്ധേയ പ്രവർത്തനങ്ങളാണ‌് ഈ രംഗത്ത‌് ഒരുക്കുന്നത‌്.









0 comments