ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് ഹര്‍ജി നല്‍കി

കൊച്ചി > ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസിന്റെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ നടപടികള്‍ അവസാനിപ്പിച്ച കീഴ്ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
കോഴിക്കോട് ടൗണ്‍ പോലിസ് 2011ല്‍ റജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക സംഘം അന്വേഷിക്കുകയും ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 23നാണ് കോഴിക്കോട് ജെഎഫ്സിഎം അവസാനിപ്പിച്ചത്. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട് അംഗീകരിച്ചായിരുന്നു നടപടി. ഇതിനെയാണ് വി എസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജെഎഫ്സിഎം അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയില്‍ വി എസ് വാദിക്കുന്നു.പോലിസ് റിപോര്‍ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹര്‍ജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പി കെ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും നല്‍കിയത്.
കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് ജെഎഫ്സിഎമ്മിന്റെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ വി എസ് ആവശ്യപ്പെടുന്നു.









0 comments