എല്ലാ മേഖലകളിലും പുരുഷനൊപ്പം സ്ഥാനം നേടണം: എം ലീലാവതി

കൊച്ചി
എല്ലാ മേഖലകളിലും പുരുഷൻമാർക്കൊപ്പം സ്ഥാനം ലഭിക്കാനുള്ള പോരാട്ടമായി വനിതാമതിലിനെ വിശേഷിപ്പിക്കാനാണ് താൽപ്പര്യമെന്നും പ്രത്യേക ക്ഷേത്രത്തിൽ പോകാനുള്ള അവകാശത്തിന‌് മാത്രമുള്ള കൂട്ടായ്മയായി വനിതാമതിൽ മാറരുതെന്ന് ഡോ. എം ലീലാവതി. മതിൽ എന്ന വാക്കിനുപകരം പെൺമുന്നണി എന്നുപയോഗിക്കാനാണ് ഇഷ്ടമെന്നും അവർ പറഞ്ഞു. ഇടപ്പള്ളിയിൽ വനിതാമതിലിൽ അണിചേർന്ന് സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി.
സാമൂഹ്യ, രാഷ‌്ട്രീയ, കുടുംബ രംഗത്തും സ‌്ത്രീകൾക്ക‌് തുല്യമായ അവകാശമുണ്ടാക്കാനാണ‌് പെൺമുന്നണി ശ്രമിക്കേണ്ടത‌്. അമ്പലത്തിൽ പോകാനുള്ള സ്വാതന്ത്ര്യത്തിനായി ഇത്ര വലിയ പ്രക്ഷോഭത്തിന്റെ ആവശ്യമില്ല. വീട്ടിലിരുന്ന് പ്രാർഥിച്ചാലും ഭഗവാൻ കേൾക്കും. എല്ലാ രംഗത്തും സ്വാതന്ത്ര്യം ആവശ്യമാണ‌്. അതിനാൽ വനിതാമതിലിനെ വിശാലമായ തലത്തിൽ കാണാനാണ് താൽപ്പര്യമെന്നും പിന്തുണയ‌്ക്കുന്നതെന്നും ലീലാവതി പറഞ്ഞു.
സാമൂഹ്യ, രാഷ്ട്രീയമേഖലകളിലെല്ലാം സ്ത്രീകൾക്ക് പുരുഷൻമാർക്കൊപ്പം സ്ഥാനം വേണം. പെൺമുന്നണിയുടെ ലക്ഷ്യം അതാകണം. സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നാണ് അഭിപ്രായം. 33 ശതമാനമായി കുറയ‌്ക്കരുത‌്. പോരാട്ടം അവിടേക്കും എത്തണം. 50 ശതമാനം സീറ്റുകളിൽ സ‌്ത്രീകൾക്ക‌് സ്ഥാനാർഥിത്വം നൽകണമെന്നും എം ലീലാവതി ആവശ്യപ്പെട്ടു.









0 comments