മൃണാള്‍ സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 30, 2018, 10:31 AM | 0 min read

തിരുവനന്തപുരം > ഇന്ത്യന്‍ സിനിമയില്‍ നവതരംഗത്തിന് തുടക്കം കുറിച്ച മൃണാള്‍ സെന്‍ വിട്ടുവീഴ്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ കലാകാരനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രേക്ഷകനെ വെറും കാഴ്ചക്കാരനായി കാണാതെ സിനിമയിലെ പങ്കാളിയാക്കുന്നതായിരുന്നു സെന്നിന്റെ സമീപനം. സത്യജിത് റേ, ഋത്വിക് ഘട്ടക്ക് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ത്രിമൂര്‍ത്തികളിലൊരാളായി അറിയപ്പെട്ട അദ്ദേഹമാണ് സ്വപ്നങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് സിനിമയെ കൊണ്ടുവന്നത്. ബംഗാളി നോവലിനെ ആസ്പദമാക്കി 1969ല്‍ അദ്ദേഹം സംവിധാന ചെയ്ത `ഭുവന്‍ഷോം' എന്ന ഹിന്ദി ചിത്രമാണ് സമാന്തര സിനിമ നിലനില്‍ക്കുമെന്ന് തെളിയിച്ചത്.

 സിനിമാ നിര്‍മ്മാണത്തിലും ബദല്‍ സാധ്യമാണെന്ന് അദ്ദേഹം സ്ഥാപിച്ചു.സിനിമയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കലാകാരനായിരുന്നു സെന്‍. ഷൂട്ടിംഗ് സ്ഥലത്തോ ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ചലച്ചിത്രമേളയിലോ മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ എന്നത് അതിശയോക്തിയല്ല. കേരളവുമായും മലയാളികളായ കലാകാരന്മാരുമായും സെന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

 കയ്യൂരിന്റെ ചരിത്രം സിനിമയാക്കാന്‍ അദ്ദേഹം കേരളത്തില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ, അത് നടപ്പായില്ല. മാര്‍ക്സിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കലാസൃഷ്ടികളിലും ഉറച്ച  രാഷ്ട്രീയ നിലപാടുകളിലും തെളിഞ്ഞുകണ്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

 



deshabhimani section

Related News

View More
0 comments
Sort by

Home