വനിതാമതില്‍: ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ബാലാവകാശ കമീഷന്‍; 'ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനം'

തിരുവനന്തപുരം > വനിതാ മതിലില്‍ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് എതിരെ ബാലാവകാശകമ്മീഷന്‍. ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. കുട്ടികള്‍ക്ക് സ്വന്തം അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ബി.സുരേഷ് പറഞ്ഞു.
പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കില്‍ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമാണ്. ഉത്തരവ് ഹൈക്കോടതി തിരുത്തണം. കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. അന്താരാഷ്ട്രനിയമങ്ങള്‍ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ മേല്‍നടപടി സ്വീകരിക്കാനാണ് ബാലാവകാശക്കമ്മീഷന്റെ തീരുമാനം.
വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടപ്പിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്റെ നീക്കം.









0 comments