കൊല്ലം ബൈപ്പാസ് പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും; മൂന്ന് മേല്‍പ്പാലങ്ങള്‍ സംയോജിപ്പിച്ച് നിര്‍മിച്ച ബൈപ്പാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 25, 2018, 11:11 AM | 0 min read

കൊല്ലം > ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ഫെബ്രുവരി രണ്ടിന് നാടിന് സമര്‍പ്പിക്കും. 2019 ജനുവരിയോടുകൂടി നിര്‍മാണത്തിന്റെ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്ന് ദേശീയപാത ചീഫ് എഞ്ചിനീയര്‍ അശോക് കുമാര്‍ മന്ത്രി ജി സുധാകരനെ അറിയിച്ചു. ആലപ്പുഴ, കൊല്ലം, കോഴിക്കോട് ബൈപ്പാസുകളുടേയും ഫ്‌ളൈഓവറുകളുടെയും നിര്‍മാണ പുരോഗതി വിശദീകരിക്കുകയും രേഖാമൂലം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

2015 ല്‍ കരാറില്‍ ഏര്‍പ്പെട്ട കൊല്ലം ബൈപ്പാസ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ ഒച്ചിഴയുന്ന വേഗത്തിലാണ് നടന്നത്. ഒരൊറ്റ സ്പാന്‍ പോലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചിരുന്നില്ല. 278 കോടി രൂപയാണ് അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നല്‍കിയിരുന്നത്. 105 കോടി രൂപ ഈ സര്‍ക്കാരാണ് നല്‍കിയത്. 190 പൈലുകളാണുള്ളത്. 46 പിയറുകളില്‍ ഒന്‍പത് എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മിച്ചത്. ഏഴ് കള്‍വര്‍ട്ടുകളും നിര്‍മിച്ചിട്ടുണ്ട്. മൂന്ന് മേല്‍പ്പാലങ്ങള്‍ സംയോജിപ്പിച്ചാണ് ബൈപ്പാസ് നിര്‍മിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈപ്പാസിന് സ്ഥലമെടുത്തിരുന്നെങ്കിലും 2013 ല്‍ മാത്രമാണ് നിര്‍മാണത്തിനുള്ള നിര്‍ദേശം ഉണ്ടായത്. 2016 ആദ്യമാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ 75 ശതമാനത്തിലേറെ നിര്‍മാണവും നടന്നത് പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ്. ആര്‍ഡിഎസ്‌സിബിസിസി എന്ന കമ്പനിയാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് നടക്കുന്നത് എന്നത് പ്രത്യേകതയാണ്.

ആലപ്പുഴ ബൈപ്പാസ് ഇതോടൊപ്പം തീരേണ്ടതായിരുന്നെങ്കിലും റെയില്‍വേ പാതയുടെ മുകളിലൂടെ ബൈപ്പാസ് പോകുന്നതിനാല്‍ റെയില്‍വേ നിയമപ്രകാരമുള്ള ചില ഗര്‍ഡറുകളും ഇന്‍സ്റ്റലേഷനുകളും റെയില്‍വേയാണ് നടത്തേണ്ടത്. ഒന്നര വര്‍ഷക്കാലം റെയില്‍വേ വരുത്തിയ കാലതാമസമാണ് ആലപ്പുഴ ബൈപ്പാസ് വൈകിയതിന്റെ കാരണം. ഇപ്പോഴും റെയില്‍വെ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടില്ല. അതിന് ഇനിയും സമയം പിടിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായി മേയ്മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചിട്ടുള്ളത്. ആലപ്പുഴ ബൈപ്പാസും വരുന്ന മേയ്മാസത്തിനുള്ളില്‍ നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി ജിസുധാകരന്‍ അറിയിച്ചു.           

 



deshabhimani section

Related News

View More
0 comments
Sort by

Home