കെ എം ഷാജിയെ അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്

കൊച്ചി > കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐ എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ തന്നെ ആറുവര്‍ഷത്തേക്ക് ആണ് അയോഗ്യത. ജസ്റ്റിസ് പി ഡി രാജന്റെതാണ് വിധി. തുടർന്ന് കെ എം ഷാജിക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി സമയമനുവദിച്ചുകൊണ്ട് ഉച്ചയ്ക്കുശേഷം വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തു.
ഇതേ ബഞ്ച് മറ്റൊരു കേസ് പരിഗണിച്ച് ഷാജിയെ നേരത്തെ അയോഗ്യനാക്കിയിരുന്നു.ഇതിനെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. ആ വിധി ഷാജിയ്ക്കെതിരെ മത്സരിച്ച എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു.
അതേസമയം ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്ഐക്കെതിരെ കെഎം ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്‍പിക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്‌ഐയുടെ മൊഴി. എന്നാല്‍ പിറ്റേന്ന് സിപിഎം പ്രവര്‍ത്തകന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുനല്‍കിയതാണിതെന്ന് ആരോപിച്ചാണ് ഷാജിയുടെ ഹര്‍ജി.
0 comments