കാലടി ശ്രീശങ്കരാ കോളേജിൽ എസ്എഫ്ഐ നേതാവിനെ എബിവിപി‐ആർഎസ‌്എസ‌് സംഘം വെട്ടി; വിദ്യാർഥിനി മതിൽ അലങ്കോലമാക്കാനും ശ്രമം

കാലടി > കാലടി ശ്രീശങ്കരാ കോളേജിൽ എസ്എഫ്ഐ നേതാവിനെ എബിവിപി‐ആർഎസ‌്എസ‌് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. എസ‌്എഫ‌്ഐ യൂണിറ്റ‌് വൈസ‌് പ്രസിഡന്റും കാലടി ഏരിയാ കമ്മിറ്റിയംഗവുമായ ടോം ടിറ്റി(20)നാണ‌് വെട്ടേറ്റത‌്. ജനുവരി ഒന്നിന്റെ വനിതാമതിലിന്റെ പ്രചാരണാർഥം എസ‌്എഫ‌്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മതിൽ സംഘടിപ്പിച്ചതിനെ തുടർന്നാണ് ആക്രമണം.
അങ്കമാലി ലിറ്റിൽ ഫ‌്ളവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടോം ടിറ്റിന്റെ കാലിൽ എട്ടു തുന്നലുണ്ട‌്. കാലിൽ വെട്ടിയശേഷം കമ്പിവടിക്ക‌് അടിച്ചുവീഴ‌്ത്തികയായിരുന്നു. ബുധനാഴ്ച വൈകിട്ട‌് നാലോടെയാണ‌് സംഭവം.
ജനുവരി ഒന്നിന്റെ വനിതാമതിലിന്റെ പ്രചാരണാർഥം എസ‌്എഫ‌്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മതിൽ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ച കാമ്പസിലെ എബിവിപി പ്രവർത്തകർ എസ‌്എഫ‌്ഐയെ ആക്ഷേപിക്കുന്ന രീതിയിൽ അശ്ലീല പോസ‌്റ്ററുകളും ക്യാമ്പസിനുള്ളിൽ പതിച്ചു. ഇതിനെ ചോദ്യം ചെയ‌്ത എസ‌്എഫ‌്ഐ പ്രവർത്തകരും എബിവിപിക്കാരും തമ്മിൽ ക്യാമ്പസിനുള്ളിൽ സംഘർഷമുണ്ടായി.
സംഘർഷത്തിൽ പരിക്കേറ്റ എസ‌്എഫ‌്ഐ പ്രവർത്തകരുമായി ആശുപത്രിയിലേക്ക‌് പോകുന്നവഴി മറ്റൂരിൽവച്ച‌് പുറത്തുനിന്നെത്തിയ ആർഎസ‌്എസ‌് ഗുണ്ടകളുടെ നേതൃത്വത്തിലാണ‌് ടോ ടിറ്റിനെ ആക്രമിച്ചത‌്. കാമ്പസിലെ എബിവിപി പ്രവർത്തകരായ ഹരി, സെന്തിൽ എന്നിവരും പുറത്തുനിന്നുള്ള ഗുണ്ടകളും ചേർന്നാണ‌് ആക്രമണമഴിച്ചു വിട്ടത്.
മൂന്നു ബൈക്കുകളിലായി എത്തിയ അക്രമിസംഘം ആശുപത്രിയിലേക്ക‌് പോയ എസ‌്എഫ‌്ഐക്കാരെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കമ്പിപ്പാരയും കത്തികളുമായാണ‌് സംഘം എത്തിയത‌്. കാലിൽ വെട്ടിയശേഷം കമ്പിപ്പാരയ‌്ക്ക‌് ക്രൂരമായി മർദിച്ചു. സംഭവം അറിഞ്ഞ‌് കൂടുതൽ ആൾക്കാർ എത്തിയപ്പോഴേക്കും അക്രമിസംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു. മൂന്നാംവർഷ ജേർണലിസം ബിരുദ വിദ്യാർഥിയാണ‌് വെട്ടേറ്റ ടോം ടിറ്റ‌്. എസ്‌എഫ്‌ഐ പ്രവർത്തകനെ ആക്രമിക്കുന്നതിന് മുൻപ് ക്യാമ്പസിലെ എബിവിപി പ്രവർത്തകനെ എസ‌്എഫ‌്ഐ പ്രവർത്തകർ ആക്രമിച്ചു എന്ന രീതിയിൽ എബിവിപി വ്യാജപ്രചാരണം നടത്തിയിരുന്നു.









0 comments