അതിജീവിച്ച കേരളം കാണാൻ സഞ്ചാരികൾ കൂട്ടത്തോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2018, 07:10 PM | 0 min read

കൊച്ചി
അതിജീവിച്ച കേരളത്തിന‌് കരുത്തും പിന്തുണയും പകർന്ന‌് വിദേശസഞ്ചാരികൾ എത്തിത്തുടങ്ങി. പ്രളയത്തിലും പൊലിയാതെ അതിവേഗം ഉയിർത്തെഴുന്നേൽക്കുന്ന കേരളം ലോകത്തെ എന്നും ഭ്രമിപ്പിച്ച കാഴ‌്ചകളൊരുക്കി സഞ്ചാരിക്കൂട്ടത്തെ വരവേൽക്കുകയാണ‌്.  

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തഞ്ഞൂറിലേറെ വിനോദസഞ്ചാരികളാണ‌് കൊച്ചിയിലെത്തിയത‌്. മൂന്ന‌ു ചാർട്ടേർഡ‌് ഫ്ലൈറ്റുകളിലായി ഇംഗ്ലണ്ടിൽനിന്നുമാത്രമായി ആയിരത്തോളം വിനോദസഞ്ചാരികൾ നെടുമ്പാശേരിയിൽ ഇറങ്ങി. വിദേശികളായ  ഒട്ടേറെ  സഞ്ചാരികൾ കപ്പൽമാർഗവും കൊച്ചിയിൽ എത്തിക്കഴിഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ സഞ്ചാരികൾ രണ്ടുദിവസം ഇവിടെ തങ്ങും.

പ്രളയത്തിനുശേഷം ആദ്യമായാണ് വിദേശ വിനോദസഞ്ചാരികളുടെ വലിയ സംഘം എത്തുന്നത്. സംസ്ഥാനത്തെ പ്രളയം വിദേശമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ ഏറ്റവും ദോഷമായി ബാധിച്ചത് ടൂറിസം മേഖലയെയായിരുന്നു. ഓണം സീസണിലെ ടൂറിസം വ്യവസായം വൻ നഷ്ടത്തിലാണ് കലാശിച്ചത്. കഴിഞ്ഞ മൂന്നുമാസം വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രളയത്തിനുശേഷം ഉണ്ടായേക്കാവുന്ന മാലിന്യപ്രശ്‌നങ്ങളും പകർച്ചവ്യാധികൾ പടർന്നുപിടിച്ചേക്കാമെന്ന ഭീതിയും സഞ്ചാരികളുടെ വരവിന‌് തടയിട്ടു.

എന്നാൽ, പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളിൽ ലോകത്തിനുതന്നെ മാതൃകയാകുന്ന  പ്രവർത്തനങ്ങളാണ‌് സംസ്ഥാന സർക്കാർ നടത്തിയത‌്. പ്രളയദുരന്തത്തെപ്പോലെതന്നെ പ്രളയത്തെ നേരിട്ട മലയാളികളുടെ ഐക്യവും പുനർനിർമാണ മാതൃകകളും ലോകശ്രദ്ധ നേടി. ഇതിന്റെ ഫലമായാണ‌് വിനോദസഞ്ചാരികൾ വീണ്ടും കേരളത്തിലേക്ക‌് എത്തിയത‌്.  

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനോദസഞ്ചാരികൾക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാറിന്റെ നേതൃത്വത്തിൽ ഊഷ‌്മളസ്വീകരണം നൽകി.  പഞ്ചവാദ്യവും കഥകളിയും മുത്തുക്കുടയുമായി സഞ്ചാരികളെ വരവേറ്റു. 300 യാത്രക്കാരുമായി ഒരു വിമാനംകൂടി എത്തും. 

കൊച്ചി കായലിൽ ബോട്ടുയാത്ര, ഫോർട്ടുകൊച്ചി–- മട്ടാഞ്ചേരി സന്ദർശനം, മറൈൻഡ്രൈവ‌്–- ബ്രോഡ് വേ എന്നിവിടങ്ങളിൽ വാക്കിങ‌് ടൂർ എന്നിവയാണ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈക്കം, കുമ്പളങ്ങി എന്നിവിടങ്ങളിലെ ടൂറിസം ഗ്രാമങ്ങളും സന്ദർശിക്കും. കൊച്ചി ബിനാലെയും സഞ്ചാരികളെ ആകർഷിക്കാൻ തയ്യാറായി കഴിഞ്ഞു.

ആലപ്പുഴയിൽ ഒരു ദിവസത്തെ ഹൗസ് ബോട്ട് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ലെ പാസേജ് ടു ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസിയാണ് മേൽനോട്ടം വഹിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home