സമരനാടകത്തിന് ആളില്ല: ദേശീയ നേതാക്കളും പിന്മാറി; നാണംകെട്ട് ബി ജെ പി

ശബരിമല > ശബരിമലയുടെ പേരിലുള്ള സമരങ്ങളിൽനിന്നും ആർഎസ്എസും ബിജെപിയും പിന്മാറിയത് തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കാന്‍ കേരളത്തില്‍ ആളെക്കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ. പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സന്നിധാനത്ത് സംഘർഷം നടത്താൻ ആദ്യ ദിവസം നൂറ്റമ്പതോളം പേരുണ്ടായിരുന്നു. ഇതിൽ 69 ആർഎസ്എസുകാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പിന്നീടുള്ള ദിവസങ്ങളിൽ സമരക്കാർ പത്തുപേരിൽ താഴെയായി. നിയന്ത്രിതമേഖലകളിൽ കടന്നുകയറി സമരം നടത്തിയാൽ അറസ്റ്റിൽ കുറഞ്ഞ നടപടിയൊന്നുമില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെ അടവ് മാറ്റി. ‘അറസ്റ്റുവേണ്ട; പൊലീസ് പറയുന്നിടത്ത് നാമം ജപിച്ചോളാം' എന്ന നിലയിലേക്കെത്തി.
|ഓരോ ദിവസവും ഓരോ മണ്ഡലം കമ്മിറ്റി ശബരിമലയിൽ സംഘർഷം നടത്താനെത്തണം എന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനം ശിരസ്സാവഹിക്കാനെത്തിയവരെല്ലാം പൊലീസിനോട് മാപ്പുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ബലിദാനികളെ സൃഷ്ടിക്കാനുള്ള സുവർണാവസരമായി പ്രഖ്യാപിച്ച് ഇറങ്ങിപ്പുറപ്പെട്ടവരെ സർക്കാരും പൊലീസും ധീരമായാണ് നേരിട്ടത്. തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ സർക്കാരും പൊലീസും നടപ്പാക്കിയ ക്രമീകരണങ്ങൾ പൊളിക്കുക എന്നതായിരുന്നു മണ്ഡലവിളക്ക് ആരംഭിച്ചപ്പോഴുള്ള തന്ത്രം. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തിയ ഭക്തരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം.
‘ഇതായിരിക്കണം ഭാവിയിലെ ശബരിമല' എന്ന് ഉറപ്പിച്ചു പറയുന്ന ഭക്തർ സർക്കാരിന്റെയും പൊലീസിന്റെയും നിലപാടുകളെ പ്രശംസിച്ചാണ് മടങ്ങുന്നത്. ഭക്തർ അറിയിക്കുന്ന ബുദ്ധിമുട്ടുകൾക്ക് അപ്പപ്പോൾ നടപടി സ്വീകരിക്കാൻ ദേവസ്വംബോർഡും പൊലീസും സദാ സജ്ജരായി.അക്രമികളെ തടയുക എന്ന ലക്ഷ്യത്തോടെ നിലയ്ക്കൽ മുതൽ സന്നിധാനംവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ പൊളിക്കാൻ കേന്ദ്രമന്ത്രിമാരെയും അയൽ സംസ്ഥാനങ്ങളിലെ എംപിമാരെയുമുൾപ്പെടെ രംഗത്തിറക്കി. മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് പരാതി നൽകി സംസ്ഥാന മനുഷ്യാവകാശ കമീഷനെ വരുത്തിച്ചു. കുട്ടികളെ വേട്ടയാടുന്നുവെന്ന് പ്രചരിപ്പിച്ച് ദേശീയ ബാലാവകാശ കമീഷനെ കൊണ്ടുവന്നു.
കേന്ദ്രമന്ത്രിമാരും എംപിമാരും പ്രചരിപ്പിച്ച രാഷ്ട്രീയ നുണകളല്ലാതെ, സർക്കാരിന്റെ കുറ്റം ഒന്നും അവർക്ക് കിട്ടിയില്ല.
സത്യാവസ്ഥ എല്ലാർക്കും ബോധ്യപ്പെട്ടതോടെ സമരത്തിന് ആളെ കിട്ടാതായി. തീയതി പറഞ്ഞുറപ്പിച്ച ദേശീയ നേതാക്കള്‍ക്കും കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കും പിന്മാറേണ്ടിവന്നു.









0 comments