ട്രെയിൻ വൈകിയോട്ടം തുടരുന്നു; പാളത്തിൽ വിള്ളലും

തിരുവനന്തപുരം > തുടർച്ചയായ സിഗ്നൽ തകരാറിന‌് പുറമേ പാളത്തിൽ വിള്ളലും ഉണ്ടായതോടെ സംസ്ഥാനത്ത‌് ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. ചിറയിൻകീഴ‌്–- കൊച്ചുവേളി റൂട്ടിൽ ശാർക്കര ക്രോസിങ്ങിലാണ‌് ഞായറാഴ്ച രാവിലെ വിള്ളൽ കണ്ടെത്തിയത‌്. മിക്ക ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയും വിവിധ സ‌്റ്റേഷനുകളിൽ പിടിച്ചിടുകയും ചെയ്തത‌് ആയിരക്കണക്കിന‌് യാത്രക്കാരെ ദുരിതത്തിലാക്കി.
ട്രെയിനുകളിൽ ചിലത‌് ഭാഗീകമായി റദ്ദാക്കുകയും ചിലതിന്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. പാളത്തിലെ അറ്റകുറ്റപ്പണി മൂലം ട്രെയിനുകൾ വൈകുന്നതിന‌് പിന്നാലെയാണ‌് സിഗ്നൽ തകരാറും വിള്ളലും യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത‌്. ചിറയിൻകീഴ‌്–- കൊച്ചുവേളി റൂട്ടിൽ ശാർക്കര ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിനും ലെവൽ ക്രോസിനും മധ്യേയുള്ള പാളത്തിലാണ് ഒന്നര ഇഞ്ച‌് വീതിയിൽ വിള്ളൽ കണ്ടെത്തിയത്. ബംഗളൂരു–- കൊച്ചുവേളി എക്സ‌്പ്രസ‌് കടന്നുപോന്ന ഉടനെ രാവിലെ 8.55നാണ‌് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത‌്. നാട്ടുകാർ ഗേറ്റ് കീപ്പറെ വിവരം അറിയിച്ചു. പിന്നാലെ ഉണ്ടായിരുന്ന ജയന്തി എക്സ‌്പ്രസ‌് ഉൾപ്പെടെയുള്ള രണ്ട‌് ട്രെയിനുകൾ അടിയന്തരമായി നിർത്തിയിടാൻ അധികൃതർ സന്ദേശം നൽകിയത‌് വൻ ദുരന്തം ഒഴിവാക്കി. തുടർന്ന‌് താൽക്കാലിക അറ്റകുറ്റപ്പണികൾക്ക‌് ശേഷം ട്രെയിനുകൾ വേഗം കുറച്ച‌് പാളത്തിലൂടെ കടത്തിവിടാൻ തുടങ്ങി. സാങ്കേതിക കാരണങ്ങളാൽ ഏറെ വലഞ്ഞ യാത്രക്കാർക്ക‌് കൂടുതൽ ബുദ്ധിമുട്ട‌് ഒഴിവാക്കാനായി സമഗ്രമായ അറ്റകുറ്റപ്പണികൾ കുറച്ചുദിവസത്തിന‌് ശേഷം നടത്താനാണ‌് റെയിൽവേ തീരുമാനം. വേഗം കുറച്ച‌് ട്രെയിനുകൾ കടത്തിവിടണം എന്നതൊഴിച്ചാൽ പാളം പൂർണമായും സുരക്ഷിതമാണെന്നും റെയിൽവേ അറിയിച്ചു.
ശനിയാഴ്ച പകൽ 3.30ഓടെയാണ‌് കൊച്ചുവേളി സ‌്റ്റേഷനിലെ ഓട്ടോമാറ്റിക‌് സിഗ്നൽ സിസ‌്റ്റം തകരാറിലാവുന്നത‌്. സിഗ്നൽ ഓഫ‌് ആകുന്ന അവസ്ഥ ഉണ്ടായില്ലെങ്കിലും കൺട്രോൾ റൂമിലേക്ക‌് കൃത്യമായ വിവരങ്ങൾ കൈമാറുന്നത‌് തടസ്സപ്പെട്ടു. വൈകിട്ട‌് ആറോടെ സിഗ്നൽ പുനഃസ്ഥാപിച്ചെങ്കിലും അടുത്ത സിഗ്നൽ തകരാറിലായി. ഒന്നിനു പുറകേ ഒന്നായി സ‌്റ്റേഷനിൽ വിവിധ റൂട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച‌് സിഗ്നലും തകരാറിലായത‌് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം അപ്പാടെ താറുമാറാക്കി. സിഗ്നൽ അറ്റകുറ്റപ്പണികൾക്കായി വിവിധ സ‌്റ്റേഷനുകളിൽ പിടിച്ചിട്ട ഏഴ‌് ട്രെയിൻ രാത്രി പത്തോടെ കടത്തി വിടാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. രാത്രി 11.40ഓടെ സിഗ്നൽ തകരാറ‌് പൂർണമായും പരിഹരിച്ചു. ദീർഘദൂര ട്രെയിനുകളിലടക്കമുണ്ടായിരുന്ന യാത്രക്കാർ ട്രെയിനിന‌് പുറത്തിറങ്ങി മണിക്കൂറുകളോളം കാത്തിരിക്കുന്ന അവസ്ഥയുമുണ്ടായി.
ഓച്ചിറ യാർഡിൽ വ്യാഴാഴ്ച മുതൽ രാത്രികാലങ്ങളിൽ നടത്തിവന്ന അറ്റകുറ്റപ്പണിയിലുണ്ടായ കാലതാമസവും ട്രെയിനുകളെ വീണ്ടും വൈകിപ്പിച്ചു. പാളത്തിലെ കല്ലുകൾ ഇളക്കി പതിക്കുന്ന ജോലിയാണ‌് നടന്നിരുന്നത‌്. ഞായറാഴ്ച രാത്രി 1.55 മുതൽ ആരംഭിച്ച ജോലി മഴയെത്തുടർന്ന‌് ഒരുമണിക്കൂറിലധികം വൈകിയത‌് ട്രാഫിക‌് ബ്ലോക്ക‌് സൃഷ്ടിച്ചു.
തിരുവനന്തപുരത്തുനിന്ന‌് വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചും ഹ്രസ്വദൂര, ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക‌് ട്രെയിനുകളുടെ പതിവായ വൈകി ഓട്ടം വലിയ ബുദ്ധിമുട്ടാണ‌് സൃഷ്ടിക്കുന്നത‌്. ശനിയും ഞായറും പരശുറാം എക്സ‌്പ്രസ‌് ഭാഗികമായി നിർത്തലാക്കുകയും ഏറനാട‌്, രപ്തിസാഗർ എക്സ‌്പ്രസുകൾ റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു.









0 comments