ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷൻ വായ‌്പാ തിരിച്ചടവ‌് ഒരാഴ‌്ചയ‌്ക്കകം ഒരുകോടി കവിഞ്ഞു

തിരുവനന്തപുരം
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ യുഡിഎഫ‌് ഭരണത്തിൽ സ്വാധീനം ഉപയോഗിച്ച‌് വായ‌്പ തരപ്പെടുത്തിയശേഷം തിരിച്ചടയ‌്ക്കാത്തവരുടെ വിശദാംശങ്ങൾ പുറത്തുവന്ന‌് ഒരാഴ‌്ചയ‌്ക്കകം തിരിച്ചടവ‌് ഒരുകോടി രൂപ കവിഞ്ഞു.
2013ൽ സ്ഥാപിതമായ കോർപറേഷനിൽ നാല‌് വർഷത്തിനകം കിട്ടാക്കടമായി മാറിയത‌് ഒമ്പതുകോടി രൂപയായിരുന്നു. തിരിച്ചടയ‌്ക്കാത്ത മുസ്ലിംലീഗ‌്–- കോൺഗ്രസ‌് നേതാക്കളുടെ പട്ടിക ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ‌് വായ്പാ തിരിച്ചടവിന് വേഗമേറിയത‌്. യുഡിഎഫ് നേതാക്കളുടെ വിശദാംശങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ വായ്പ തിരിച്ചടയ്ക്കാൻ വൻതിരക്കാണ് കോഴിക്കോട്ടെ കോർപറേഷൻ ഓഫീസിൽ അനുഭവപ്പെടുന്നത്. വായ‌്പ തിരിച്ചടയ‌്ക്കാനുള്ള കൂടുതൽ ലീഗ‌് നേതാക്കളുടെ വിശദാംശങ്ങൾ തിങ്കളാഴ‌്ചയും പരിശോധനയിൽ കണ്ടെത്തി.
എംഎസ‌്എഫ‌് തവനൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി സാദിഖ‌് അലി മൂന്നുലക്ഷം രൂപ വായ‌്പയെടുത്ത‌് 28 മാസം തിരിച്ചടച്ചിട്ടില്ല. യൂത്ത‌് ലീഗ‌് പുറത്തൂർ പഞ്ചായത്ത‌് സെക്രട്ടറി അലി നാലുലക്ഷം വാങ്ങിയിട്ട‌് 22 മാസം കുടിശ്ശികയാണ‌്. ലീഗ‌് അധ്യാപകസംഘടനയുടെ ഭാരവാഹി തിരൂരെ നൗഷാദ‌് കടവത്ത‌്, കോ–- ഓപ്പറേറ്റീവ‌് എംപ്ലോയീസ‌് ഓർഗനൈസേഷൻ തിരൂർ താലൂക്ക‌് സെക്രട്ടറി പി പി മുഹമ്മദലി, തവനൂർ പഞ്ചായത്തിലെ ലീഗ‌് വാർഡ‌് പ്രസിഡന്റ‌് എം പി സലീം, യൂത്ത‌് ലീഗ‌് തവനൂർ മണ്ഡലംകമ്മിറ്റിയംഗം താനൂർ പരിയാപുരത്തെ പി അബ്ദുൾ റഷീദ‌്, പൊന്നാനി എരമംഗലത്തെ അമർ ഷിഹാബ‌്, കോട്ടയ‌്ക്കൽ കൊളക്കാടൻ വീട്ടിലെ മുഹമ്മദ‌് ഇക‌്ബാൽ, എറണാകുളം പോത്താനിക്കാട‌് യൂത്ത‌് കോൺഗ്രസ‌് മുൻ മണ്ഡലം പ്രസിഡന്റ‌് ഷാൻ മുഹമ്മദ‌് എന്നിവരുടെ കുടിശ്ശികവിവരങ്ങളാണ‌് ഒടുവിൽ പുറത്തുവന്നിട്ടുള്ളത‌്. വായ‌്പാ കുടിശ്ശികക്കാർക്കെതിരെയുള്ള നടപടികൾക്കായുള്ള പരിശോധന തുടരുകയാണ‌്.









0 comments