കൂടണഞ്ഞവർ പറഞ്ഞു, പേടിക്കാതുറങ്ങാം

തിരുവനന്തപുരം
നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ‌്നേഹത്തണലൊരുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ‘എന്റെ കൂട‌്’ പദ്ധതി മികച്ച മാതൃക. പ്രവർത്തനം ആരംഭിച്ച‌് ഒരാഴ്ച പിന്നിടുമ്പോൾ ഇരുന്നൂറോളം വനിതകളാണ‌് സൗകര്യം ഉപയോഗപ്പെടുത്തിയത‌്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തി ബസ‌് സ്റ്റാൻഡിലെയും റെയിൽവേ സ‌്റ്റേഷനിലെയും ഇരിപ്പിടങ്ങളിൽ രാത്രികഴിച്ചിരുന്ന സ്ത്രീകളൊക്കെയും ഇപ്പോൾ സധൈര്യം ‘എന്റെ കൂട്ടി’ലെത്തുന്നു.
ആർമി സ്കൂൾ ടീച്ചർ നിയമന പരീക്ഷയ്ക്കായി നഗരത്തിലെത്തിയതാണ‌് ശാസ്താംകോട്ട സ്വദേശി രാജലക്ഷ‌്മിയും കരുനാഗപ്പള്ളി സ്വദേശി സുരഭിയും. എന്നാൽ, നഗരത്തിലെ വർക്കിങ‌് വിമെൻസ‌് ഹോസ‌്റ്റലിൽ കുട്ടികളെ കൂടെ താമസിപ്പിക്കാൻ വിസമ്മതിച്ചതോടെ ആശങ്കയിലായ ഇവർക്ക‌് ഹോസ‌്റ്റൽ അധികൃതർതന്നെയാണ‌് ‘എന്റെ കൂട‌്’ നിർദേശിച്ചത‌്.
സമാന അനുഭവമാണ‌് മലപ്പുറത്തുനിന്നുള്ള ഫൈസയ്ക്കും. ഫാർമസി സർട്ടിഫിക്കറ്റ‌് പരിശോധനയ്ക്കായി കൈക്കുഞ്ഞുമായാണ‌് ഫൈസയും അമ്മയും തലസ്ഥാനത്ത‌് എത്തിയത‌്. ഹോസ‌്റ്റലിൽ കുഞ്ഞിനെ താമസിക്കാൻ അനുവദിക്കാത്തതിനാൽ ഹോട്ടലിൽ മുറിയെടുക്കാൻ തീരുമാനിച്ചു. ആദ്യമായി ഹോട്ടലിൽ തനിച്ച‌് മുറിയെടുക്കുന്നതിന്റെ അസ്വസ്ഥതയ്ക്ക‌് ‘എന്റെ കൂട്ടി’ൽ എത്തിയതോടെ പരിഹാരമായി. 12 വയസ്സുവരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാം എന്നത‌് തന്നെയാണ‌് എന്റെ കൂടിന്റെ ഏറ്റവും വലിയ നന്മയായി ഇവർ കാണുന്നത‌്. തമ്പാനൂർ ബസ‌് ടെർമിനലിന്റെ എട്ടാം നിലയിലാണ‌് പ്രവർത്തിക്കുന്നത‌് എന്നതിനാൽ ബസ‌് മാർഗമോ ട്രെയിനിലോ തലസ്ഥാനത്ത‌് എത്തുന്നവർക്ക‌് ‘എന്റെ കൂട‌്’ പെട്ടെന്ന‌് കണ്ടെത്താനും കഴിയുന്നു.
ഏറ്റവും കൂടുതൽ ആളുകൾ എത്തിയത‌് വ്യാഴാഴ്ചയാണ‌്, 37 പേർ. വെള്ളിയാഴ്ച വൈകിട്ട‌് ഏഴുവരെ 20 പേരാണ‌് കൂടണഞ്ഞത‌്. അസമയത്തുള്ള ട്രെയിനിലും ബസിലും യാത്രചെയ്യാനായി നഗരത്തിലെത്തുകയോ വൈകിയോടുന്ന ട്രെയിനിനായി കാത്തിരിക്കുകയോ ചെയ്യുന്ന സ്ത്രീകളും മണിക്കൂറുകൾ ചെലവിടാൻ ഇവിടെയെത്തുന്നു. തികച്ചും സൗജന്യമായാണ‌് ശീതീകരിച്ച ആകർഷകമായ മുറിയിൽ 50 കിടക്കകൾ വനിതകൾക്കായി ഒരുക്കിയിരിക്കുന്നത‌്. ടിവിയും ശുദ്ധീകരിച്ച കുടിവെള്ളവും വൃത്തിയുള്ള ബാത്ത‌്റൂമുകളും ഒരുക്കിയിരിക്കുന്നു. രാത്രിതാമസക്കാർക്ക‌് ജയിൽ ക്യാന്റീനിൽനിന്ന‌് ഭക്ഷണവും എത്തിക്കുന്നു. വൈകിട്ട് അഞ്ചുമുതൽ രാവിലെ ഏഴുവരെയാണ‌് താമസസൗകര്യം ലഭ്യമാകുന്നത‌്.









0 comments