വിമാനത്താവളത്തിലെ പ്രതിഷേധം: 250 പേർക്കെതിരെ കേസ്

കൊച്ചി
അതീവസുരക്ഷാ മേഖലയായ വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്നു പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250ഓളം സംഘപരിവാർ പ്രവത്തകർക്കെതിരെ നെടുമ്പാശേരി പൊലീസ‌് കേസെടുത്തു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനു ഭംഗംവരുത്തിയതിന‌് ഐപിസി 143,147,341, 506(1) വകുപ്പുകൾ പ്രകാരമാണ‌് കേസെടുത്തത‌്.
ശബരിമല ദർശനത്തിന‌് വിമാനത്താവളത്തിലിറങ്ങിയ തൃപ‌്തി ദേശായിയെയും കൂട്ടരെയും തടയുന്നതിന‌് വിമാനത്താവളത്തിനുള്ളിൽ 13 മണിക്കൂറിലധികമാണ‌് സമരക്കാർ പ്രതിഷേധിച്ചത‌്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 250ഓളം ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകരാണ‌് വിമാനത്താവളത്തിലെ ആഗമനസ്ഥലത്ത‌് കുത്തിയിരുന്നു ബഹളംകൂട്ടിയത‌്. ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ‌്ണൻ, പി കെ കൃഷ‌്ണദാസ‌്, എൻ കെ മോഹൻദാസ‌് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സമരക്കാരുടെ ദൃശ്യങ്ങൾ പൊലീസ‌് ശേഖരിച്ചിട്ടുണ്ട‌്. പൂർണമായും ക്യാമറാവലയമുള്ള സ്ഥലത്തായിരുന്നു പ്രതിഷേധവും നാമജപ ഘോഷവും. ഈ ദൃശ്യങ്ങളും പൊലീസ‌് ശേഖരിക്കും. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാർക്ക‌് വഴിതടസ്സം സൃഷ്ടിച്ചും സമരക്കാർ കൂടിനിന്നിരുന്നു. അകത്തു തൃപ‌്തി ദേശായിയെ കാണുന്നനേരം സമരക്കാരിൽ ചിലർ അസഭ്യവർഷവും നടത്തിയിരുന്നു. സമരക്കാർക്കു നൽകാൻ പഴക്കുലകളും പ്ലാസ‌്റ്റിക‌് കവറിൽ ഉപ്പുമാവും എത്തിച്ചു. പഴത്തൊലികളും കവറുകളും പ്രദേശത്ത‌് വലിച്ചെറിഞ്ഞിരുന്നു.









0 comments