ഹൈവേയിലെ സ്വര്‍ണക്കവര്‍ച്ച : തടിയന്റവിട നസീറിന്റെ സഹോദരനടക്കം 4 പേർ പിടിയില്‍

ചാലക്കുടി
വിദേശത്തുനിന്ന് കൊണ്ടുവന്ന് കാറിൽ കൊണ്ടുപോകുകയായിരുന്ന സ്വർണം ചാലക്കുടി പോട്ട പാലത്തിനു സമീപം കാറിലെത്തിയ സംഘം കൊള്ളയടിച്ച സംഭവത്തിൽ തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാലുപേർകൂടി പിടിയിൽ. തടിയന്റവിട നസീറിന്റെ സഹോദരൻ കണ്ണൂർ തയ്യിൽ സ്വദേശി ബൈദുൾ ഹിലാൽ വീട്ടിൽ ഷുഹൈൽ(35), തയ്യിൽ സ്വദേശി അമീൻ വീട്ടിൽ ഷാനവാസ്(25), വയനാട് പെരിക്കല്ലൂർ പുൽപ്പള്ളി സ്വദേശി ചക്കാലക്കൽ സുജിത്ത‌്(24), കണ്ണൂർ തയ്യിൽ സ്വദേശി മല്ലാട്ടി വീട്ടിൽ മനാഫ്(22) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ‌്‌പി സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ‌്റ്റ‌് ചെയ്തത്. സംഘത്തിലെ ഏഴുപേർ നേരത്തേ പിടിയിലായിരുന്നു.
വിദേശത്തായിരുന്ന ഇയാൾ നാട്ടിലെത്തിയശേഷം സംഘാംഗങ്ങളൊത്ത് എയർപോർട്ടുകൾ കേന്ദ്രീകരിച്ച് സ്വർണം കൊണ്ടുവരുന്നവരെ നിരീക്ഷിച്ച്, അവരെ പിന്തുടർന്ന് വിവരങ്ങൾ ഗുണ്ടാസംഘങ്ങൾക്ക് ചോർത്തി നൽകുകയും കൊള്ളയടിക്കുകയുമാണ് ചെയ്തിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കൊടുവള്ളി സ്വദേശികൾ സ്വർണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈൽ സംഘാംഗങ്ങളുമൊത്ത് അവിടെ എത്തി, ഒട്ടേറെ കേസുകളിൽ പ്രതിയായ കല്ലേറ്റുംകര സ്വദേശി ഷഫീക‌് എന്ന വാവയെ കവർച്ച നടത്താൻ ഏർപ്പെടുത്തുകയായിരുന്നു.
ഷെഫീക്കിന്റെ നേതൃത്വത്തിൽ രണ്ട് കാറുകളിലായി ദേശീയപാതയിൽ കാത്തുനിന്ന ഗുണ്ടാസംഘത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സ്വർണം കയറ്റിവന്ന വാഹനം ആദ്യം ആലുവയിലേക്ക് പോയതിനെത്തുടർന്ന് രാത്രിയിലെ കവർച്ചശ്രമം പാളി. തുടർന്ന് തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ച വാഹനത്തെ ഗുണ്ടാസംഘം പിന്തുടർന്നു. ചാലക്കുടി പോട്ട ഫ്ളൈഓവറിനു സമീപം ഇന്നോവ, ഹ്യൂണ്ടായി ഐ ടെൺ എന്നീ കാറുകളിലായെത്തിയ കവർച്ച സംഘം സ്വർണം കൊണ്ടുപോയ കാറിൽ വാഹനമിടിപ്പിച്ച് യാത്ര തടസ്സപ്പെടുത്തി. തുടർന്ന് കാറും അതിലെ ഒരാളെയും തട്ടിക്കൊണ്ടുപോയി.
കാറിൽവച്ച് സ്വർണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മർദിച്ചശേഷം കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിച്ച് സംഘം തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിൽവച്ച് പല വഴിക്കായി പിരിഞ്ഞ സംഘത്തിലെ ഏഴുപേർ മുമ്പ് പൊലീസ് പിടിയിലായിരുന്നു. സ്വർണം ഷെഫീക്കും ഷുഹൈലും മനാഫുംകൂടി കണ്ണൂരിൽ വിൽപ്പന നടത്തുകയായിരുന്നു.
ചാലക്കുടി ഡിവൈഎസ‌്‌പി സി ആർ സന്തോഷ്, സിഐ ജെ മാത്യു, എസ്ഐ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് എസ്ഐ വി എസ് വത്സകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം ഒന്നരമാസമായി നടത്തിയ അന്വേഷണത്തിലാണ് വടക്കൻ ജില്ലകളിലെ ഗുണ്ടാസംഘങ്ങൾക്ക് കേസിൽ പങ്കുള്ളതായി വ്യക്തമായത്.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് രാത്രി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു കവർച്ച ലക്ഷ്യമിട്ട് വിമാനത്താവളത്തിലെത്തിയ ഇവരെ പിടികൂടിയത്. ചാലക്കുടിയിലെത്തിച്ച് ചോദ്യം ചെയ്തപ്പൊഴാണ‌് പോട്ടയിലെ സ്വർണക്കവർച്ചയുടെ ചുരുളഴിഞ്ഞത‌്. കണ്ണൂരിൽ വിൽപ്പന നടത്തിയ സ്വർണവും പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ സുജിത്ത‌് കണ്ണൂർ വളപട്ടണത്ത് വധശ്രമക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ‌്. മനാഫ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസിൽ പ്രതിയാണ്. ഷുഹൈലും കൂട്ടാളികളും കോഴിക്കോട് കരിപ്പൂരിൽ കാർ തട്ടിയെടുത്ത് കവർച്ച നടത്താൻ ശ്രമിച്ചതിന് കോഴിക്കോട് പൊലീസ് അന്വേഷണത്തിലുമാണ്.









0 comments