തീക്കളിയിൽനിന്ന‌് പിന്തിരിയണം: ടി പത്മനാഭൻ

കണ്ണൂർ
ശബരിമലയുടെ പേരിൽ തീ ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ പിന്തിരിയണമെന്ന‌് കഥാകാരൻ ടി പത്മനാഭൻ. ദയവുചെയ‌്ത‌് ഈ സംരംഭത്തിൽനിന്ന‌് പിന്തിരിയണം. ഇനി അഥവാ ഈ ദിശയിൽ മുന്നോട്ടുപോകുമെന്ന നിർബന്ധബുദ്ധിയാണ‌് കാണിക്കുന്നതെങ്കിൽ തീർച്ചയായും അതു നേരിടാൻ ഇവിടത്തെ ജനങ്ങൾക്ക‌് കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന ആഹ്വാനവുമായി കണ്ണൂർ ജില്ലയിലെ എഴുത്തുകാരും കലാകാരന്മാരും സാംസ‌്കാരിക പ്രവർത്തകരും സംഘടിപ്പിച്ച സാംസ‌്കാരിക കൂട്ടായ‌്മ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭൻ.
നട്ടപ്രാന്തിന്റെ നടുവിലാണ‌് കേരളം. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ‌് ഇവിടെ ചോരപ്പുഴയൊഴുക്കരുത‌്. ശബരിമലയിൽ അഹിന്ദുക്കളെ കയറ്റരുതെന്ന‌് ആവശ്യപ്പെട്ട‌് സമർപ്പിച്ച ഒരു ഹർജി അതൃപ‌്തിയോടെയാണ‌് ഇന്ന‌് കേരള ഹൈക്കോടതി തള്ളിയത‌്. മത സാഹോദര്യത്തിന്റെ സ്ഥലമാണ‌് ശബരിമല. അവിടെ എല്ലാവരും പരസ‌്പരം അഭിസംബോധനചെയ്യുന്നത‌് സ്വാമിയെന്നാണ‌്. പണക്കാരനും ദരിദ്രനും ഉന്നതകുല ജാതനും താഴ‌്ന്ന ജാതിക്കാരനുമൊന്നും അവിടെയില്ല. അങ്ങനെയൊരു സ്ഥലത്താണ‌് പ്രവേശനം ഹിന്ദുക്കൾക്കുമാത്രമാക്കണമെന്ന‌് ചിലർ വാശിപിടിക്കുന്നത‌്. ഇത‌് എവിടെ ചെന്നെത്തും?
കൊല്ലങ്ങൾ നീണ്ട, ദീർഘമായ പര്യാലോചനകൾക്കുശേഷമാണ‌് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചത‌്. അതു നടപ്പാക്കില്ല, പോടാ സുപ്രീംകോടതീ എന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴിയുമോ? അവർ നടപ്പാക്കാൻ ബാധ്യസ്ഥരല്ലേ. അതിന്റെ ന്യായാന്യായങ്ങളിലേക്ക‌് പോകാൻ ഒരിക്കലും കഴിയില്ല. നാളെ സുപ്രീംകോടതിയിൽനിന്ന‌് മറിച്ചൊരു വിധി വന്നാൽ അതും നടപ്പാക്കുമെന്ന‌് മുഖ്യമന്ത്രി പറഞ്ഞല്ലോ. അത്രയല്ലേ കഴിയൂ. വെറുതെ, ഇതൊരവസരമാക്കിയിട്ടാണ‌് ഇവിടെ കലാപം സൃഷ്ടിക്കാൻ തുനിയുന്നത‌്. സങ്കടകരമാണിത‌്.
ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഒരർഥവുമില്ല. ‘ഇന്നലെ ചെയ‌്തോരബദ്ധം മൂഢർക്ക‌് ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ‌്ത്രമതാകാം, അതിൽ മൂളായ‌്ക സമ്മതം’എന്നല്ലേ. എന്തൊക്കെ ആചാരങ്ങളായിരുന്നു ഇവിടെ. ഭാർത്താവ‌് മരിച്ചാൽ ഭാര്യ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമായിരുന്നില്ലേ. ഇന്ന‌് ആരെങ്കിലും അതിനു തയ്യാറാകുമോ. അമ്പലത്തിൽ കീഴാളൻ പ്രവേശിച്ചാൽ അശുദ്ധിയാണെന്നും ദേവന്റെ പ്രഭ കെട്ടുപോകുമെന്നുമായിരുന്നില്ലേ വിശ്വാസം. ഇന്ന‌് എല്ലാവരും പ്രവേശിക്കുന്നില്ലേ. എന്നിട്ട‌് എന്തെങ്കിലും സംഭവിച്ചോ; കാണിക്ക വരവ‌് വർധിച്ചതല്ലാതെ. കൊടുങ്ങല്ലൂരിലെ മൃഗബലിയും തെറിപ്പാട്ടും നിയമംമൂലം അവസാനിപ്പിച്ചിട്ടും ഇവിടെയൊരു ചുക്കും സംഭവിച്ചില്ല– ടി പത്മനാഭൻ പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ‌് ചാൻസലർ പ്രൊഫ. ഗോപിനാഥ‌് രവീന്ദ്രൻ അധ്യക്ഷനായി.









0 comments