സ്വന്തം വീട‌് തകർന്നിട്ടും സാലറി ചലഞ്ച‌് ഏറ്റെടുത്ത‌് സംസാർ ബീഗം

പൊന്നാനി
പ്രളയകാലത്ത‌് ഉരുൾപൊട്ടലിൽ സംസാർ ബീഗത്തിന്റെയും കുടുംബത്തിന്റെയും വീട‌് തകർന്നടിഞ്ഞിരുന്നു. എന്നിട്ടും മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സുകാട്ടുകയാണ‌് പൊന്നാനി ഫിഷറീസ‌് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ
ക്ലർക്കായ സംസാർ ബീഗം. സാലറി ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം നിറഞ്ഞമനസോടെ നൽകി. ദുരിതാശ്വാസനിധി,സംസാർ ബീഗം,
വീട‌് തകർന്നതും പ്രാരാബ്ധം നിറഞ്ഞ കുടുംബാവസ്ഥയുമൊന്നും ആ സഹജീവിസ‌്നേഹത്തിന‌് ഭംഗമായില്ല. പ്രളയം തകർത്തെറിഞ്ഞത‌് തന്റെമാത്രം ജീവിതമല്ലെന്നും ഈ നാടിനെയാകെയാണെന്നും സംസാർ ബീഗം തിരിച്ചറിയുന്നു. അതുകൊണ്ടാണ‌് സാലറി ചലഞ്ച് ധൈര്യത്തോടെ ഏറ്റെടുത്തത‌്. ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മീമ്പറ്റ ഇസ്മായിലിന്റെ മകളാണ‌് സംസാർ ബീഗം. ഒരു വർഷംമുമ്പാണ് ജോലി കിട്ടിയത്. നാലംഗ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ചുമലിലായി.
ഉരുൾപൊട്ടലിൽ വീട് തകർന്നതോടെ ബന്ധുവീട്ടിൽ അഭയംതേടി. ദുരിതത്തിൽ താങ്ങായവർക്ക് നന്ദിപറഞ്ഞ് തകർന്ന വീട് ഒരുവിധം വാസയോഗ്യമാക്കി തിരികെയെത്തി. കേരളത്തിന്റെ പുനർനിർമിതിക്കായി കൈകോർക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനമുണ്ടായപ്പോൾ ഉപ്പയോടും ഉമ്മയോടും വിവരം പറഞ്ഞു, അവർക്കും പൂർണസമ്മതം.
ഊർങ്ങാട്ടിരിയിൽ 15 സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഏഴുപേർ മരിച്ചു. സംസാർ ബീഗത്തിന്റെ വീട് നിൽക്കുന്ന ചേറ്റുകടവിലെ താഴ്ന്ന പ്രദേശത്തെ മുഴുവൻ വീടുകളും വെള്ളത്തിലായി. നിരവധി വീടുകൾ തകരുകയുംചെയ‌്തു.









0 comments