സൗമ്യയുടെ തൂങ്ങിമരണം: വനിതാജയിലിലെ മൂന്ന് എപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ > പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ(29) ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാജയിലിലെ മൂന്ന് അസിസ്റ്റന്‍ഡ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. എപിഒമാരായ എന്‍ വി സോജ, കെ പി ദീപ, മിനി തെക്കേവീട്ടില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.ഉത്തരമേഖലാ ഡിഐജി എസ് സന്തോഷിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ നിരീക്ഷിക്കുന്നതില്‍ ഗുരുതരവീഴ്‌ച സംഭവിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബുധനാഴ്ച വനിതാജയിലിലെത്തിയ ഡിഐജി എട്ടരമണിക്കൂര്‍ സമയമെടുത്ത് ജീവനക്കാരെയും തടവുകാരെയും ചോദ്യം ചെയ്തിരുന്നു. ഒമ്പത് ഉദ്യോഗസ്ഥരെയും പത്ത് തടവുകാരെയും ചോദ്യം ചെയ്‌താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ 24ന് രാവിലെയാണ് സൗമ്യ ജയിലിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം ടോയ്‌ലറ്റിലേക്ക് പോയ സൗമ്യയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ ഒരു തടവുകാരിയാണ് കണ്ടെത്തിയത്.
അരമണിക്കൂര്‍ കാണാതായിട്ടും അന്വേഷിച്ചില്ലെന്നത് ഗുരുതരവീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. സാധാരണഗതിയില്‍ റിമാന്‍ഡ് തടവുകാരെ ജോലിക്ക് നിയോഗിക്കാറില്ല. സൗമ്യ സ്വമേധയാ മുന്നോട്ടുവന്നതിനാല്‍ അവര്‍ക്ക് പശുക്കളെ പരിപാലിക്കുന്ന ചുമതല നല്‍കിയതായാണ് അധികൃതരുടെ വിശദീകരണം. ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പയ്യാമ്പലത്ത് സംസ്‌കരിച്ചു. സൗമ്യ എഴുതിയത് എന്നു സംശയിക്കുന്ന കത്ത്, ഡയറികള്‍ എന്നിവ പൊലീസ് പരിശോധിച്ച് വരികയാണ്.









0 comments