ചിറകുവിരിച്ച് വീണ്ടും നെടുമ്പാശേരി വിമാനത്താവളം

കൊച്ചി
രണ്ടാഴ‌്ച അടഞ്ഞുകിടന്നശേഷം പ്രവർത്തനസജ്ജമായ നെടുമ്പാശേരി അന്താരാഷ‌്ട്ര വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരുടെ തിരക്കുകളാൽ സജീവം.
സമ്മിശ്രപ്രതികരണങ്ങളാണ‌് യാത്രക്കാർക്ക‌്. പ്രവർത്തനസജ്ജമായശേഷം വിമാനത്താവളത്തിൽ ആദ്യമെത്തിയ ആഭ്യന്തര വിമാനത്തിലെ യാത്രക്കാർ പലരും കഴിഞ്ഞദിവസമാണ‌് സീറ്റുകൾ ബുക്ക‌്ചെയ‌്തത‌്. ആദ്യമെത്തിയത‌് ഇൻഡിഗോ എയർലൈൻ വിമാനമാണ‌്. വിമാനത്താവളം 29ന‌് തുറക്കുമെന്ന‌് വാർത്തകളിലൂടെ അറിഞ്ഞതിനാൽ അതനുസരിച്ച‌് ടിക്കറ്റ‌് ബുക്ക‌്ചെയ‌്തവരാണ‌് അധികംപേരും.
ചെങ്ങന്നൂർ സ്വദേശിയായ ആർമി സൈനികൻ രഞ‌്ജിത‌്കുമാർ അഹമ്മദാബാദിൽനിന്ന‌് രണ്ടുദിവസംമുമ്പാണ‌് ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റെടുത്തത‌്. അവധിക്കു നാട്ടിൽവന്നതാണ‌് ഇദ്ദേഹം. വിമാനത്താവളം തുറന്നിട്ടില്ലെങ്കിൽ തിരുവനന്തപുരത്തേക്ക‌് ടിക്കറ്റെടുത്ത‌് അവിടെയിറങ്ങി നാട്ടിലേക്കു പോകാനായിരുന്നു തീരുമാനം. ഇതിനിടെ, വാർത്തകൾ കണ്ടതോടെ കൊച്ചിയിലേക്ക‌് ടിക്കറ്റെടുക്കുകയായിരുന്നു.
ബിസിനസ‌് ആവശ്യങ്ങൾക്കായി കൂടെക്കൂടെ കൊച്ചിയിലെത്തുന്നയാളാണ‌് അഹമ്മദാബാദ‌് സ്വദേശി ഗൗരവ‌് ഭാട്ടിയ. പ്രളയമായതിനാൽ കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെയെത്താനാകാതെ വിഷമിക്കുകയായിരുന്നു. ‘‘വിമാനത്താവളം വീണ്ടും തുറക്കുന്നതറിഞ്ഞാണ‌് ഓൺലൈനിൽ ടിക്കറ്റെടുത്തത‌്. വിമാനത്തിലിരിക്കുമ്പോൾ കരുതിയത‌് നെടുമ്പാശേരിയിലാകെ ചളിയും വെള്ളവുമാണെന്നാണ‌്. എന്നാൽ, ഇവിടെയിപ്പോൾ ചളിയും വെള്ളവുമൊന്നും കാണുന്നില്ല.
വിമാനം ലാൻഡ‌് ചെയ്യുമ്പോൾ ഉയരുന്ന പൊടിപടലമൊഴിച്ചാൽ വെള്ളപ്പൊക്കത്തിന്റെ പാടുകൾ അവശേഷിക്കുന്നില്ലെന്നത‌് അത‌്ഭുതപ്പെടുത്തുന്നു, സന്തോഷം നൽകുന്നു.’’﹣ ഗൗരവ‌് ഭാട്ടിയ പറഞ്ഞു. വഡോദരയിൽ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക‌് ഓണാവധിക്കു പോയതാണ‌് തിരുവനന്തപുരം സ്വദേശി ശ്രുതി സുരേഷ‌്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ‌് വിദ്യാർഥിനിയായ ശ്രുതി, 28ന‌് തിരിച്ചെത്താനായി ടിക്കറ്റ‌് ബുക്ക‌് ചെയ‌്തിരുന്നെങ്കിലും അത‌് റദ്ദാക്കി. മൂന്നുതവണ ശ്രമിച്ചശേഷമാണ‌് ടിക്കറ്റ‌് കിട്ടിയത‌്. തിരുവനന്തപുരത്തേക്ക‌് നേരിട്ട‌് ഫ‌്ളൈറ്റ‌് ഇല്ലാതിരുന്നതിനാൽ കൊച്ചിയിലേക്ക‌് ടിക്കറ്റെടുക്കുകയായിരുന്നു. വിമാനത്താവളം പ്രവർത്തനസജ്ജമായതോടെ ടിക്കറ്റ‌് ബുക്കിങ്ങിന‌് ആവശ്യക്കാരുടെ എണ്ണമേറുകയാണെന്ന‌് വിമാനക്കമ്പനികൾ പറയുന്നു.









0 comments