പകർച്ചവ്യാധികളെ തുടക്കത്തിലേ പ്രതിരോധിക്കണം;എവിടേയും മരുന്നെത്തിക്കും, ആരോഗ്യപ്രവർത്തകർ ഓരോവീട്ടിലുമെത്തും : ആരോഗ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2018, 11:01 AM | 0 min read

തിരുവനന്തപുരം> പ്രളയം കഴിഞ്ഞ്‌ വെള്ളക്കെട്ടൊഴിയുമ്പോൾ നാം എറ്റവും ശ്രദ്ധവെക്കേണ്ടത്‌ രോഗപ്രതിരോധമാണെന്നും അതിനുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പകർച്ചവ്യാധികൾ പടര്‍ന്നു പിടിക്കാൻ സാധ്യതയേറെയാണ്‌. തുടക്കത്തിലേ അതിനെ പ്രതിരോധിക്കാനാകണം. അത്തരത്തിലുള്ള എതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തണം. താലൂക്ക്‌തലത്തിൽതന്നെ ഐസലേഷൻ വാർഡുകൾ ക്രമീകരിക്കുന്നുണ്ട്‌. വൈദ്യസഹായം തേടാൻ 24 മണിക്കുറും പ്രവർത്തിക്കുന്ന കോൾസെന്ററും സജ്ജമാണ്‌.

വീടുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ക്ലോറിനേഷൻ കൃത്യമായി നടപ്പാക്കും. ആരോഗ്യ‐ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്‌. ക്ലോറിനേഷന്‌ 100 വീടിന് ഒരു ടീം തയ്യറാണ്‌.

ക്യാമ്പുകളിൽ കഴിയുന്നവരുടേയും വീടുകളിൽ കഴിയുന്നവരുടേയും ആരോഗ്യം പരിചരിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്യാമ്പുകളിലും വീടുകളിലും ഇവർ വൈദ്യസഹായം നൽകും. പല ക്യാമ്പുകളിലും ഡയാലിസ്‌ വേണ്ടവരും അർബുദബാധിതരുമുണ്ട്‌. ഇവരെ ആശുപത്രികളിലേക്ക്‌ മാറ്റി ചികിൽസ നൽകും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ സ്വകാര്യ ആശുപത്രികളിലേക്കടക്കം  റഫർചെയ്യും.
 
ആരോഗ്യവകുപ്പാകെ ഈ പ്രവർത്തനത്തിലാണ്‌. സർക്കാർ ഡോക്‌ടർമാർക്ക്‌ പുറമെ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരും സ്‌റ്റാഫും ക്യാമ്പുകളിലും മറ്റും ഏറെ സഹായിക്കുന്നുണ്ട്‌.  കൂടാതെ മഹാരാഷ്‌ട്രയിൽനിന്ന്‌ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്‌. മറ്റ് സംസ്‌ഥാനങ്ങളും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ആവശ്യത്തിന്‌ മരുന്ന്‌ ശേഖരിച്ചിട്ടുണ്ട്‌. ആവശ്യമുള്ളവർ ആരോഗ്യവകുപ്പിനെ  അറിയിച്ചാൽ എവിടെയാണെങ്കിലും മരുന്നെത്തിക്കും. ഈ പ്രതിസന്ധി മുന്നേകണ്ട്‌ നേരത്തെ മരുന്ന്‌ ശേഖരണം തുടങ്ങിയിരുന്നു. ഇപ്പോഴും  ശേഖരിക്കുന്നുണ്ട്‌. വാർഡ്‌തലത്തിലുള്ള ആരോഗ്യസമിതികൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home