ആലപ്പുഴയിൽ കെഎസ‌്ആർടിസി ഓൺലൈൻ ബുക്കിങ‌് തുടങ്ങി

ആലപ്പുഴ
ആലപ്പുഴ കെഎസ‌്ആർടിസി ഡിപ്പോയിൽ ആരംഭിച്ച ഓൺലൈൻ റിസർവേഷൻ സംവിധാനം മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനംചെയ‌്തു. കെഎസ‌്ആർടിസി ആധുനിക മുഖം കൈവരിക്കുകയാണെന്ന‌് ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ 700 കോടി ചെലവിൽ കെഎസ‌്ആർടിസി മൊബിലിറ്റി ഹബ്ബിനുള്ള പ്രവർത്തനം നടന്നു വരികയാണ‌്. ഹബ്ബ‌് വരുന്നതോടെ ആലപ്പുഴയുടെ മുഖഛായ തന്നെമാറും. ജില്ലാക്കോടതിപ്പാലം പൊളിച്ച‌് ബഹുനില മന്ദിരമാക്കി വാഹന ഗതാഗതം അതിനുള്ളിലൂടെയാക്കും. കടകൾ നഷ‌്ടപ്പെടുന്നവർക്ക‌് കെട്ടിടത്തിനുള്ളിൽ തന്നെ മുറികൾ നൽകും. നാടിന്റെ സമഗ്ര വികസനത്തിന‌് എല്ലാവരും മാനസികമായി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ‌്ച മുതൽ ഓൺലൈൻ ബുക്കിങ‌് സൗകര്യം ലഭ്യമായിത്തുടങ്ങും. സൂപ്പർ ഫാസ‌്റ്റ‌്, എസി, ഡീലക‌്സ‌് ദീർഘദൂര ബസുകൾക്ക‌് ഓൺലൈനിൽ ടിക്കറ്റ‌് ബുക്ക‌്ചെയ്യാം. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് പ്രവർത്തന സമയം . കൗണ്ടർ പ്രവർത്തനമാരംഭിക്കുന്നതോടെ ആലപ്പുഴ വഴി കടന്ന് പോകുന്ന ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള എല്ലാ കെഎസ്ആർടിസി സർവീസുകളിലേക്കും ഡിപ്പോയിൽ എത്തി മുൻകൂട്ടി സീറ്റ് റിസർവ‌് ചെയ‌്ത‌് യാത്ര ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്ക് ഉണ്ടാകും.
ആലപ്പുഴ വഴി കെഎസ്ആർടിസിയുടെ ബംഗളുരു, മൈസൂർ, മംഗലൂരു, കൊല്ലൂർ‐മൂകാംബിക, കോയമ്പത്തൂർ, പഴനി എന്നീ അന്തർ സംസ്ഥാന സർവീസുകളും കാസർകോട‌്, കണ്ണൂർ, കോഴിക്കോട്, ബത്തേരി, കൽപ്പറ്റ, വഴിക്കടവ്, നിലമ്പൂർ, പാലക്കാട്, മൂന്നാർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കും സർവീസുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും പകൽ സമയം ഒരു മണിക്കൂർ ഇടവേളയിൽ സർവീസ‌് നടത്തുന്ന എസി ചിൽ ബസുകൾക്കും ഓൺലൈൻ ബുക്കിങ‌് ലഭ്യമാകും.
കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിൽ നടന്ന പരിപാടിയിൽ നഗരസഭാ അധ്യക്ഷൻ തോമസ‌് ജോസഫ‌് അധ്യക്ഷനായി. നഗരസഭാംഗം റാണി രാമകൃഷ‌്ണൻ, കെഎസ‌്ആർടിഇഎ യൂണിറ്റ‌് സെക്രട്ടറി പി ആർ അജിത്ത‌്കുമാർ എന്നിവർ സംസാരിച്ചു. എസ‌് സുരേഷ‌്കുമാർ സ്വാഗതവും, വർഗീസ‌് ചെറിയാൻ നന്ദിയും പറഞ്ഞു.









0 comments