യുജിസി പിരിച്ചുവിടല്‍ ; അധ്യാപകർ പാർലമെന്റ് മാർച്ചും ധർണയും നടത്തി

ന്യൂഡൽഹി
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ അട്ടിമറിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോളേജ്﹣സർവകലാശാല അധ്യാപകർ പാർലമെന്റ് മാർച്ചും ധർണയും നടത്തി. ഐഫക്ടോയുടെ നേതൃത്വത്തിൽ എകെപിസിടിഎ, എകെജിസിടി, എഫ്യുടിഎ എന്നീ സംഘടനകൾ സംയുക്തമായാണ് ധർണ നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. എംപിമാരായ എ സമ്പത്ത്, ബിനോയ് വിശ്വം, എഐഎഫ്യുസിടിഒ പ്രസിഡന്റ് പ്രൊഫ. കേശബ് ഭട്ടാചാര്യ, ജനറൽ സെക്രട്ടറി പ്രൊഫ. അരുൺ കുമാർ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. സി പത്മനാഭൻ, ജനറൽ സെക്രട്ടറി ഡോ. പി എൻ ഹരികുമാർ, എകെജിസിടി ജനറൽ സെക്രട്ടറി ഡോ. കെ കെ ദാമോദരൻ, എഫ്യുടിഎ നേതാവ് ഡോ. ഫസലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
ഏഴാം ശമ്പള പരിഷ്ക്കരണത്തിന്റെ അധിക ബാധ്യത ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് 100 ശതമാനം സാമ്പത്തിക സഹായം നൽകുക, സർവകലാശാലകളിലും കോജേളുകളിലും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ നിയമനം നടത്തുക, വിദ്യാഭ്യാസ നയരൂപീകരണത്തിന് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തുക, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വാണിജ്യ കോർപറേറ്റ്വൽകരണം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. മാർച്ച് പാർലമെന്റ്സ്ട്രീറ്റിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു.









0 comments