മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ‌്; കെ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു

കാസര്‍കോട് > മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. കള്ളവോട്ട് ചെയ്‌തുവെന്ന് ആരോപിക്കപ്പെട്ടവരെ വിചാരണയ്‌ക്ക് ഹാജരാക്കാൻ കഴിയാതെ കുഴങ്ങുകയാണ് സുരേന്ദ്രൻ. 25ന് രണ്ട് വർഷം തികയുന്ന കേസ് കൈയൊഴിയുന്ന അവസ്ഥയിലാണ്. കേസിൽ ഹാജരാകേണ്ട പ്രവാസികൾക്കുള്ള യാത്രാചെലവ് വഹിക്കാനാവില്ലെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം സമൻസ് അയച്ച 69 പേരിൽ രണ്ടാളുകൾ നേരത്തെ കോടതിയിൽ ഹാജരായവരാണ്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സമൻസ് അയച്ചവരുടെ പട്ടിക വീണ്ടും പരിശോധിക്കാൻ രജിസ്‌ട്രാറോട് ആവശ്യപ്പെട്ടു. 69 പേരിൽ രണ്ടുപേർ തെരഞ്ഞെടുപ്പിന് ശേഷം മരിച്ചു. അവശേഷിക്കുന്നവരിൽ നാലുപേരാണ‌് നാട്ടിലുള്ളത്. അവരും ഇതര സംസ്ഥാനങ്ങളിലാണ്. ബാക്കിയുള്ളവർ പ്രവാസികളും.
മഞ്ചേശ്വരത്തുനിന്ന് മുസ്ലിംലീഗിലെ പി ബി അബ്ദുൾ റസാഖ് ജയിച്ചത‌് കള്ളവോട്ടിലൂടെയാണെന്നാണ് സുരേന്ദ്രന്റെ വാദം. 89 വോട്ടിനാണ് അബ്ദുൾ റസാഖ് ജയിച്ചത്.
2016 ജൂലൈ 25നാണ് സുരേന്ദ്രൻ കേസ് ഫയൽ ചെയ്‌തത്. കള്ളവോട്ട് ചെയ്തവരെന്ന‌് കാണിച്ച‌് 259 പേരുടെ പട്ടികയും സമർപ്പിച്ചിരുന്നു. മരിച്ചവരെന്ന് സത്യവാങ്മൂലം നൽകിയതിൽ അഞ്ചുപേർ കോടതിയിൽ ഹാജരായത് സുരേന്ദ്രന് തിരിച്ചടിയായി. പട്ടികയിൽ ബിജെപിക്കാരടക്കം ഉൾപ്പെട്ടതിനാൽ ആറുപേരെ ഒഴിവാക്കണമെന്ന് സുരേന്ദ്രൻ കോടതിയോട് ആവശ്യപ്പെട്ടു. 181 പേരെ വിസ്തരിച്ചപ്പോൾ വോട്ട് സ്വന്തമായാണ് ചെയ്തതെന്ന് മൊഴി നൽകി.









0 comments