ഉരുട്ടിക്കൊലക്കേസ‌് : അറിയണം ഈ അമ്മയുടെ പോരാട്ടം

തിരുവനന്തപുരം > ഉമ്മൻചാണ്ടി ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ‌് നേരിട്ട‌് അട്ടിമറിക്കാൻ ശ്രമിച്ച ഉരുട്ടിക്കൊലകേസ‌് സിബിഐ ഏറ്റെടുത്തത‌് അമ്മ പ്രഭാവതിയമ്മയുടെ ഇടപെടലിനെതുടർന്ന‌്.കേസിൽ ആദ്യം പ്രതിചേർത്ത മൂന്ന‌് പൊലീസുകാരെ രക്ഷിക്കാൻ വിചാരണസമയത്ത‌് സാക്ഷികളെ കൂറുമാറ്റിയാണ‌് ആഭ്യന്തരവകുപ്പ‌് കള്ളക്കളി നടത്തിയത‌്. പ്രഭാവതി ഹൈക്കോടതിയിൽ പരാതി നൽകി സിബിഐ അന്വേഷണം നേടിയെടുത്താണ‌് അതിക്രൂരമായ ലോക്കപ്പ‌് കൊലപാതകത്തിലെ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നത‌്.
കേസ‌് ആദ്യം അന്വേഷിച്ചത‌് ക്രൈംബ്രാഞ്ചായിരുന്നു. 2006ൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാകോടതിയിൽ നടന്ന വിചാരണസമയത്ത‌് ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാരാണ‌് പ്രതികളായിരുന്നത‌്. വിചാരണക്കോടതിയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി. തുടർന്നാണ‌് കേസ‌് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട‌് പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചത‌്. 2007 സെപ‌്തംബർ 20ന‌് കേസ‌് സിബിഐക്ക‌് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ 2010ൽ കുറ്റപത്രം സമർപ്പിച്ചു. ഇതോടെയാണ‌് ഇപ്പോഴുള്ള ആറു പ്രതികളും പ്രതിപ്പട്ടികയിൽ എത്തിയത‌്.
കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട സോമൻ വിചാരണയ‌്ക്കിടെ മരിച്ചു. ജില്ലാകോടതിയിൽ വിചാരണ നടക്കുമ്പോൾ കോടതി നേരിട്ട‌് ഒരു ഉദ്യോഗസ്ഥനെക്കൂടി പ്രതിചേർത്തു. ഉദയകുമാർ മരിച്ചശേഷം മോഷണക്കുറ്റത്തിന‌് കേസ‌് ചാർജ‌് ചെയ‌്ത എഎസ‌്ഐ രവീന്ദ്രൻനായരെയാണ‌് കോടതി നേരിട്ട‌് പ്രതിചേർത്തത‌്. സിബിഐ കുറ്റപത്രത്തിൽ ആകെ 14 പ്രതികളാണ‌് ഉണ്ടായിരുന്നത‌്. ഇതിൽ ഏഴുപേരെ മാപ്പുസാക്ഷികളാക്കി. പൊലീസുകാരായ സുരേഷ‌്കുമാർ, തങ്കമണി, ഹീരാലാൽ, രവീന്ദ്രൻനായർ, സജിത, ഷീജാകുമാരി, ജോർജ‌് എന്നിവരാണ‌് മാപ്പുസാക്ഷികളായത‌്. ഇതിൽ രണ്ടുപേരൊഴികെ എല്ലാവരും പ്രോസിക്യൂഷന‌് അനുകൂലമായാണ‌് മൊഴിനൽകിയത‌്.







0 comments