ഇനി ഇരിക്കാം ; തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കി സര്‍ക്കാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2018, 08:47 PM | 0 min read


തിരുവനന്തപുരം
തുണിക്കടകളും ജ്വല്ലറികളും ഉള്‍പ്പെടെയുള്ള  തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കി സര്‍ക്കാര്‍. മണിക്കൂറുകൾ നിന്നുജോലിചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ ‘1960ലെ കേരള കടകളും സ്ഥാപനങ്ങളും’ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇരുന്നുജോലിചെയ്യാനുള്ള അവകാശത്തിനായി സമരം ചെയ്ത സ്ത്രീതൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് തീരുമാനം.

സംഘടനകളിൽനിന്നും സാമൂഹ്യപ്രവർത്തകരിൽനിന്നും ലഭിച്ച പരാതി പരിഗണിച്ചാണ‌്  ഇരിപ്പിടം നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത‌്‌. ആഴ്ചയിൽ ഒരുദിവസം കടകൾ പൂർണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരുദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. എല്ലാ കടകളിലും തൊഴിലാളികൾക്ക് സൗകര്യപ്രദമായ ഇരിപ്പിടം അനുവദിക്കണം. സദാസമയവും നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിനാണിത്. കടകളിലും ഹോട്ടൽ, റസ‌്റ്ററന്റ‌് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾ ലൈംഗികപീഡനത്തിന് ഇരയാകുന്നത് തടയാനുള്ള കർശന വ്യവസ്ഥയുമുണ്ട്‌. ഇതുസംബന്ധിച്ച ബില്ലിന്റെ കരട് അംഗീകരിച്ചു.
ഏജൻസികൾ വഴി ജോലിക്ക് നിയോഗിക്കുന്ന താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരെയും നിയമപരിധിയിൽ കൊണ്ടുവരും. ഇതിനുവേണ്ടി തൊഴിലാളിയെന്ന പദത്തിന്റെ നിർവചനം വിപുലീകരിക്കും.

രാത്രി ഒമ്പതിനുശേഷവും രാവിലെ ആറിനുംമുമ്പും  സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും. അഞ്ച് പേരെങ്കിലുമുള്ള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയത്ത‌് സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഈ അഞ്ചുപേരിൽ രണ്ടു സ്ത്രീകൾ വേണം.

സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നൽകുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാൻ പാടുള്ളൂ. രാത്രി ജോലിചെയ്യുന്ന സ‌്ത്രീകൾക്ക‌് തിരിച്ച് താമസസ്ഥലത്തെത്താൻ വാഹനസൗകര്യം കടയുടമ ഏർപ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെയുള്ള സമയങ്ങളിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാൻ പാടില്ല. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തി രാത്രിയിൽ ജോലിക്ക് നിയോഗിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നത്.

 

 



deshabhimani section

Related News

View More
0 comments
Sort by

Home