ഗർഭിണിയുടെ കൊലപാതകം: സപത‌്നി കുറ്റക്കാരി

കാസർകോട്
ഭർത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെയും ഗർഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസിൽ പ്രതിയായ ആദ്യ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഉപ്പളയിലെ നഫീസത്ത് മിസ്‌രിയ (21)യും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഗോവയിലെ മിസ്‌രിയയെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ്‌രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. 2011 ആഗസ്ത് ഏഴിനാണ് സംഭവം. പുലർച്ചെ ആറിന് ഭർത്താവ് അബ്ദുൽ റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ്‌രിയയുടെ ദേഹത്തേക്ക് ജനലിലൂടെ പ്രതി പെട്രോളൊഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്ന അബ്ദുൽറഹ്മാന്റെ ശരീരത്തിലേക്കും തീ പടർന്നു. പ്രോസിക്യൂഷനുവേണ്ടി പി രാഘവൻ ഹാജരായി.









0 comments