'നമ്പർ‐ ഡി 255' വീണ്ടും സെൻട്രൽ ജയിലിലെത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2018, 09:20 PM | 0 min read

ജയിൽരേഖകളിൽ ഇപ്പോഴും 'ഡി. 255' എന്ന നമ്പറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞതിന്റെ സ്മൃതിമുദ്ര. രോഗിയായ അമ്മയെ കാണാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയില്ലെങ്കിലും അന്ന് അതിനായി അദ്ദേഹം എഴുതിയ കത്തും ചരിത്രത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജൂലൈ ഒന്നിന് ജയിൽ സന്ദർശിക്കാൻ പിണറായി എത്തുമ്പോൾ പിന്നിലേക്ക് മാറുന്നത് ഓർമകളുടെ നിധിശേഖരം. 

വീട്ടിൽനിന്ന‌് പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചാണ് ജയിലിലേക്ക് എത്തിച്ചത്. വിചാരണ വേണ്ടാത്ത തടവുകാരനായ യുവ എംഎൽഎയുടെ ശരീരത്തിലെ മുറിപ്പാട് രേഖപ്പെടുത്താൻപോലും ജയിലധികൃതർ തയ്യാറായില്ല. അന്നത്തെ രാഷ്ട്രീയതടവുകാരനെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെന്ന നിലയിൽ വരവേൽക്കാൻ ഒരുങ്ങുകയാണ് സെൻട്രൽ ജയിൽ. ഇവിടെ തടവിൽ കിടന്നവരിൽ മുഖ്യമന്ത്രിയാകുന്ന മൂന്നാമനാണ് പിണറായി. ഇ എം എസ്, ഇ കെ നായനാർ തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ മുൻഗാമികൾ.

പിണറായി ഈ മതിൽക്കെട്ടിനകത്തേക്ക് വീണ്ടുമെത്തുമ്പോൾ  അലയടിക്കുന്നത് പീഡനങ്ങളുടെ ചോരയിറ്റുന്ന സ്മരണകൾ. ശരീരമാസകലം മുറിവേറ്റ്‌ അടിച്ചുതകർക്കപ്പെട്ട കാലുമായാണ് ആ നിയമസഭ പിരിയുംവരെ അദ്ദേഹം തടവിൽ കഴിഞ്ഞത്. പത്രങ്ങളുടെ നാവ് ചങ്ങലക്കിട്ടിരുന്നതിനാൽ പിണറായി ജയിലിലാണെന്നുള്ള വിവരം പുറംലോകം അറിഞ്ഞില്ല. അക്കാലത്തെ രേഖകൾ ഇന്ന് ജയിൽ മ്യൂസിയത്തിന്റെ ഭാഗം. തടവുകാരനായിരുന്നപ്പോൾ   ആഭ്യന്തരവകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് പരോൾ സംബന്ധിച്ച് എഴുതിയ കത്ത് ഇന്ന് ജയിൽവകുപ്പിന്റെ അമൂല്യരേഖ. 1976 നവംബർ ഒമ്പതിന് എഴുതിയ കത്തിൽ അമ്മയുടെ ചികിത്സയ്ക്ക് പരോൾ അനുവദിക്കണമെന്നാണ് അപേക്ഷ.

പൊലീസ് മർദനത്തിന്റെ തെളിവായി ചോരപുരണ്ട കുപ്പായം ഉയർത്തിക്കാട്ടി പിണറായി നിയമസഭയിൽ നടത്തിയ പ്രസംഗവും ചരിത്രരേഖയായി.  ഞായറാഴ്‌ച രാവിലെയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ മുഖം മിനുക്കുകയാണ് ജയിലും പരിസരവും.എല്ലാ തടവുകാരെയും ഉൾകൊള്ളുന്ന കൂറ്റൻ പന്തലും ജയിലിനകത്ത് തയ്യാറാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home