ഉന്നതരുടെ അടിമപ്പണിക്ക‌് 700 പൊലീസുകാർ, 26ന‌് മുഖ്യമന്ത്രി യോഗം വിളിച്ചു

കേരള പൊലീസിൽ ഉന്നതോദ്യോഗസ്ഥരുടെ അടിമപ്പണിക്ക‌് നിയോഗിക്കപ്പെട്ടത‌് 700 പൊലീസുകാർ. ‘അറ്റാച്ച‌്മെന്റ‌്’ എന്ന പേരിലാണ‌് ഈ നിയമനമധികവും. ഔദ്യോഗികമായി അനുവദിച്ച പേഴ‌്സണൽ സെക്യൂരിറ്റി ഓഫീസർ (പിഎസ‌്ഒ), ഡ്രൈവർ എന്നിവർക്കുപുറമെയാണിത‌്. വിരമിച്ച പൊലീസ‌് ഉദ്യോഗസ്ഥർക്കൊപ്പവും ഇങ്ങനെ ഏറെ പൊലീസുകാരുണ്ട‌്. അനധികൃത ദാസ്യവേല സേനയിൽ പൂർണമായും അവസാനിപ്പിക്കാനാണ‌് സർക്കാർതീരുമാനം. ഇതിന്റെ ഭാഗമായി 26ന‌് മുഖ്യമന്ത്രി പിണറായി വിജയൻ എസ‌്പിമാർമുതലുള്ള ഉന്നത പൊലീസ‌് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
കേരള പൊലീസിൽ നിലവിൽ 54,243 ഉദ്യോഗസ്ഥരാണുള്ളത‌്. ഇതിൽ ആറായിരത്തോളംപേർ പൊലീസിന്റെതല്ലാത്ത മറ്റുജോലിയിലാണ‌്. പലരും വർഷങ്ങ ളായി വർക്കിങ‌് അറേഞ്ച‌്മെന്റിൽ പല സ‌്പെഷ്യൽ യൂണിറ്റുകളിലാണ‌്. പൊലീസ‌് ആസ്ഥാനത്തുമാത്രം നൂറോളംപേരുണ്ട‌്. മൂന്നുവർഷത്തിൽ കൂടുതൽ ഇങ്ങനെ നിയമിക്കരുതെന്നാണ‌് ചട്ടം. എന്നാൽ, 15 വർഷംവരെ ഒരേസ്ഥാനത്ത‌് തുടരുന്നവരുണ്ട‌്. അത്തരക്കാരുടെ പട്ടിക തയ്യാറാക്കി പലരെയും തിരിച്ചയച്ചുവരികയാണ‌്.
പല ഐപിഎസ‌് ഉദ്യോഗസ്ഥരും പത്തിലേറെ പൊലീസുകാരെയാണ‌് വീട്ടിലും മറ്റും നിർത്തുന്നത‌്. 22 പൊലീസുകാരെ കൂടെനിർത്തുന്ന ഒരു എഡിജിപിയുണ്ട‌്. മറ്റൊരു വനിതാ എഡിജിപി അക്യുപങ‌്ചർ ചികിൽസയ‌്ക്ക‌് സഹായിയായി വച്ചത‌് വനിതാ പൊലീസ‌് ഉദ്യോഗസ്ഥയെയാണ‌്. എന്നാൽ, ഒന്നിനും രേഖയുണ്ടാകില്ല. പൊലീസ‌് ആസ്ഥാനത്താകും പലരും രേഖയിൽ. എഡിജിപിയടക്കമുള്ളവർ തങ്ങളുടെ അധികാരപരിധിയിൽനിന്നെല്ലാം പൊലീസുകാരെ എടുക്കും. ഇതിനുപുറമെയാണ‌് ക്യാമ്പ‌് ഫോളോവർമാരെ നിയമിക്കുന്നത‌്. അനധികൃത ഡ്യൂട്ടി അവസാനിപ്പിച്ച‌് എല്ലാവരെയും പൊലീസ‌് ഡ്യൂട്ടിക്ക‌് നിയോഗിക്കാനാണ‌് സർക്കാർതീരുമാനം. ഇതിന്റെ ഭാഗമായി വിശദമായ പട്ടിക തയ്യാറാക്കാൻ പൊലീസ‌് മേധാവിക്ക‌് നിർദേശം നൽകി.









0 comments