സോളാർ പാനലിന‌് വായ‌്പ പരിഗണനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം
ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക‌് സോളാർപാനൽ സ്ഥാപിക്കാൻ ബാങ്ക‌് വായ‌്പ ലഭ്യമാക്കുന്നത‌് സർക്കാരിന്റെ പരിഗണനയിലാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കുകളുമായി ചർച്ചയിലാണ‌്. പാനൽ സ്ഥാപിച്ചാൽ ബിൽതുകയിൽ കുറവു വരും. ഇത‌് വായ‌്പ തിരിച്ചടവിനുള്ള പണം കണ്ടെത്താൻ സഹായകരമാകുമെന്നും ഊർജ കേരള മിഷൻ പ്രഖ്യാപനം നിർവഹിച്ച‌് മുഖ്യമന്ത്രി പറഞ്ഞു.
സോളാർ ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ‌് സർക്കാർ. ഈ മേഖലയിൽ വൻ മുന്നേറ്റം നടത്തിയ രാജ്യങ്ങൾക്കൊപ്പമെത്താനാണ‌് ശ്രമം. രണ്ടായിരത്തി ഇരുപത്തൊന്നോടെ 1000 മെഗാവാട്ട‌് സൗരോർജം ഉൽപ്പാദിപ്പിക്കുന്ന ‘സൗര’ പദ്ധതി നടപ്പാക്കും. വീടുകളുടെ മുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ വഴി 500 മെഗാവാട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കും. പുതുതായി നിർമിക്കുന്ന വീടുകളിൽ നിയമംവഴി പാനലുകൾ നിർബന്ധമാക്കും. നിശ്ചിത അളവിൽ കൂടുതൽ തറവിസ‌്തീർണമുള്ള വീടുകൾക്കാണ‌് പാനൽ നിർബന്ധമാക്കുക. എല്ലാ സ‌്കൂളുകളിലും സർക്കാർ ഓഫീസുകളിലും പാനലുകൾ സ്ഥാപിക്കും. സ്വകാര്യ കെട്ടിടങ്ങളുടെ മുകളിൽ തറവാടക നൽകി കെഎസ‌്ഇബി സ്വന്തംചെലവിൽ പാനൽ സ്ഥാപിക്കും.
കാസർകോട‌് പിലിക്കോട‌് പഞ്ചായത്തിനെ മാതൃകയാക്കി ‘ഫിലമെന്റ‌് രഹിത കേരളം’ പദ്ധതി നടപ്പാക്കും. എല്ലാ വീടുകളിലും എൽഇഡി വിളക്കുകൾ സ്ഥാപിക്കുകയാണ‌് ലക്ഷ്യം. ഉപയോക്താവിന‌് പണം മുടക്കാൻ കഴിഞ്ഞില്ലെങ്കിൽ കെഎസ‌്ഇബി നേരിട്ട‌് ബൾബുകൾ മാറ്റും. ദ്വൈമാസ ബില്ലിലൂടെ ഈ പണം കെഎസ‌്ഇബിക്ക‌് തിരിച്ചുനൽകാനാകും. തെരുവുവിളക്കുകളും എൽഇഡിയിലേക്ക‌് മാറ്റും.
തടസ്സരഹിത വൈദ്യുതിവിതരണത്തിനായി 4000 കോടിയുടെ ‘ദ്യുതി 2021’ പദ്ധതി നടപ്പാക്കും.
സാങ്കേതികവിദ്യയിൽ മുന്നേറിയതുകൊണ്ടുമാത്രം ഇക്കാര്യം നടപ്പാക്കാനാകില്ല. ജീവനക്കാരുടെ പ്രവർത്തനശൈലിയിലും മാറ്റംവരണം. വൈദ്യുതിത്തകരാർ പരാതികൾ എത്രയുംപെട്ടെന്ന‌് പരിഹരിക്കാനാകണം. പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി 10,000 കോടിയുടെ ‘ട്രാൻസ‌് ഗ്രിഡ‌്’ പദ്ധതി നടപ്പാക്കും. ഇതോടെ ശൃംഖല 200 കെവിയിൽനിന്ന‌് 400 കെവിയിലേക്ക‌് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വി എസ‌് ശിവകുമാർ എംഎൽഎ വെബ‌്സൈറ്റ‌് ഉദ‌്ഘാടനം ചെയ‌്തു. മേയർ വി കെ പ്രശാന്ത‌് ഡിജിറ്റൽ മാപ്പ‌് പ്രകാശനം ചെയ‌്തു. ഊർജവകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ‌് സിൻഹ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു. കെഎസ‌്ഇബി ചെയർമാൻ എൻ എസ‌് പിള്ള സ്വാഗതം പറഞ്ഞു.









0 comments