നിപാ വൈറസ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതൽ പ്രവർത്തിക്കും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം > നിപാ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ പൊതുപരിപാടികൾക്കും വിദ്യാലയപ്രവർത്തനത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതൽ പ്രവർത്തിക്കും. നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികൾക്കുള്ള വിലക്കും ഒഴിവാക്കും. അതേസമയം, നിപാ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് കോഴിക്കോട‌് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളിൽ 295 പേർക്കും നിപാ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു.
സുഖം പ്രാപിച്ച രണ്ടു നിപാ ബാധിതരും ഇപ്പോൾ സാധാരണനിലയിലാണ്. വിദഗ്ധസംഘത്തിന്റെ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമേ ഇവർ ആശുപത്രി വിടുന്ന കാര്യത്തിൽ തീരുമാനമാകൂ. രോഗബാധയുണ്ടായ സ്ഥലങ്ങളിൽ കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. നിപായുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായി പ്രവർത്തിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.









0 comments