അഷ്ടമുടിയില്‍ ഉൽപ്പാദനം കുറഞ്ഞു ; പൂവൻ കക്കയെ പുനരുജ്ജീവിപ്പിക്കാന്‍ സിഎംഎഫ്ആർഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:21 AM | 0 min read


കൊച്ചി
അഷ്ടമുടി കായലിൽ പൂവൻ കക്കയുടെ ഉൽപ്പാദനം കുറയുന്നത് പരിഹരിക്കാന്‍ പുനരുജ്ജീവന പദ്ധതിയുമായി സിഎംഎഫ്ആർഐ. കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനനത്തിലൂടെ ഉൽപ്പാദിപ്പിച്ച വിത്തുകളാണ് ബിഷപ്പ്‌ തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങളില്‍ നിക്ഷേപിച്ചത്. സുസ്ഥിരമായി കായലിൽ കക്ക ലഭ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഒരുവർഷത്തെ ഗവേഷണത്തിലൂടെയാണ് സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപ്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ്‌ പുതിയ പദ്ധതി.

അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് പൂവന്‍ കക്ക. സിഎംഎഫ്ആർഐയുടെ കണക്കുകൾപ്രകാരം, 1990കളുടെ തുടക്കത്തിൽ കക്കയുടെ വാർഷിക ലഭ്യത 10,000 ടൺ ഉണ്ടായിരുന്നത് സമീപകാലത്ത് 1000 ടണ്ണിൽ താഴെയായി. പരിസ്ഥിതി മലിനീകരണം, അധിനിവേശ ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയാകാം കക്ക കുറയാൻ കാരണമെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

സിഎംഎഫ്‌ആർഐ വിഴിഞ്ഞം പ്രദേശിക കേന്ദ്രത്തിൽ കല്ലുമ്മക്കായ വിത്ത്‌ ഉൽപ്പാദനത്തിനുള്ള ഹാച്ചറി സംവിധാനവും ഉദ്ഘാടനം ചെയ്തു. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി. സിഎംഎഫ്ആർഐ വിഴിഞ്ഞം പ്രാദേശികകേന്ദ്രം മേധാവി ഡോ. ബി സന്തോഷ്, പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ. എം കെ അനിൽ, ഡോ. ഇമെൽഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച് സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ, ഡോ. കെ കെ അപ്പുകുട്ടൻ, ഡോ. പി ഗോമതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home