മുനമ്പം : യുഡിഎഫ് രണ്ടുതട്ടിൽ ; സതീശനെ തള്ളി ഹസൻ കടുപ്പിച്ച് ലീഗ്

തിരുവനന്തപുരം
മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായമല്ല മറ്റുള്ളവർക്കെന്ന് സൂചിപ്പിച്ച് കൺവീനർ എം എം ഹസൻ. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ ലീഗ് രൂക്ഷ വിമർശമുയർത്തിയതിനുപിന്നാലെയാണ് ഹസന്റെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നോ ആണെന്നോ പറയാൻ ബാധ്യതയില്ല. വഖഫ് ഭൂമിയാണെന്ന് ലീഗ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ നിലപാടാണ്. അന്തിമമായി കോടതിയാണ് തീരുമാനിക്കേണ്ടത്.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന സതീശന്റെ നിലപാടിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. യുഡിഎഫ് യോഗത്തിൽ ലീഗ് നേതാക്കൾ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. സതീശന്റെ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നെന്നും ഹസൻ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ഉപതെരഞ്ഞെടുപ്പിനുമുമ്പ് വർഗീയ ധ്രുവീകരണത്തിനാണ് ചില യുഡിഎഫ് നേതാക്കൾ ശ്രമിച്ചത്. ഇതെല്ലാം ഘടക കക്ഷികളിൽ ഭിന്നതയുണ്ടാക്കി. കക്ഷി നേതാക്കളുടെ ഉപതെരഞ്ഞെടുപ്പ് വിലയിരുത്താനും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ചചെയ്യാനുമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് പ്രകടനപത്രിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
Related News

0 comments