ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം ; 2 പേർ പിടിയിൽ , 2 പേർക്ക്‌ 
ലുക്ക് ഔട്ട് നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 11:53 PM | 0 min read

മാനന്തവാടി > ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണിയാമ്പറ്റ പടിക്കംവയൽ പച്ചിലക്കാട് കക്കാറയ്‌ക്കൽ അഭിരാം കെ സുജിത്‌ (23), പച്ചിലക്കാട് പുത്തൻപീടികയിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പൊലീസ്‌ അറസ്റ്റുചെയ്‌തത്.

ചൊവ്വ രാവിലെ കൽപ്പറ്റ ഭാഗത്തുനിന്നാണ് പിടികൂടിയത്. എസ്‌സി–- എസ്ടി വിഭാഗങ്ങൾക്ക്‌ നേരേയുള്ള അതിക്രമം വിചാരണചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പനമരം താഴെപുനത്തിൽ ടി പി നബീൽ കമർ, കുന്നുമ്മൽ കെ വിഷ്‌ണു എന്നിവർക്കായി ലുക്കൗട്ട്‌ നോട്ടീസ്‌ ഇറക്കി.

മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ്‌ അക്രമത്തിനിരയായത്. സഞ്ചാരികൾ തമ്മിലുള്ള സംഘർഷം അന്വേഷിക്കാനെത്തിയ പ്രദേശവാസിയായ  മാതന്റെ കൈയിൽ ബലമായി പിടിച്ച്‌  കാർ വേഗത്തിൽ ഓടിക്കുകയായിരുന്നു. നാട്ടുകാർ  പിന്തുടർന്നതോടെ മാതനെവിട്ട്‌ സംഘം കടന്നു.
മാനന്തവാടി പൊലീസ്‌ എടുത്ത കേസ്‌ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യംചെയ്യുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡി(എസ്എംഎസ്)ന്‌ കൈമാറി.  മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മാതനെ ചൊവ്വാഴ്‌ച  മന്ത്രി ഒ ആർ കേളു സന്ദർശിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home