ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം ; കർശന നടപടിയുമായി സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:39 AM | 0 min read


തിരുവനന്തപുരം
മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ദർവേഷ്‌ സാഹിബിനാണ്‌ മുഖ്യമന്ത്രി നിർദേശം നൽകിയത്‌. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാതനെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചത്.

വിഷയം ശ്രദ്ധയിൽപെട്ട ഉടൻ പട്ടികജാതി പട്ടിക വർഗ വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളുവും ഇടപെട്ടിരുന്നു. കുറ്റവാളികൾക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ മാനന്തവാടി പൊലീസ്  വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 

പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നതെന്ന്‌ ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചു. യുവാവിന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകിയിരുന്നു.

കേരളത്തിൽ 
നടക്കാൻ പാടില്ലാത്തത്‌: 
കെ രാധാകൃഷ്‌ണൻ
വയനാട്ടിൽ വിനോദസഞ്ചാരികളായി എത്തിയവർ ആദിവാസി യുവാവിനെ ക്രൂരമായി ആക്രമിച്ചത് കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്‌ ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെങ്കിലും പൂർണമായി തടയാൻ കഴിയുന്നില്ല. പൊലീസ്‌ ശക്തമായ നടപടി സ്വീകരിക്കണം. അവശജനവിഭാഗങ്ങളെ ദ്രോഹിക്കുകയല്ല, സഹായിക്കുകയാണ്‌ ചെയ്യേണ്ടത്‌. വിനോദസഞ്ചാരികൾ ആഹ്ലാദിക്കാനെന്ന പേരിൽ അമിതമദ്യപാനവും മറ്റും നടത്തുന്നത്‌ കുഴപ്പങ്ങൾക്ക്‌ കാരണമാകുന്നു. പണമുണ്ടെന്ന പേരിൽ എന്തുംചെയ്യാമെന്ന ചിന്ത ശരിയല്ല. ഇതിനെതിരെ സമൂഹത്തിൽ ബോധവൽക്കരണം ആവശ്യമാണൈന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home