കുട്ടമ്പുഴയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു; മൃതദേഹം എടുക്കാനനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം

കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്‌ണാച്ചേരി കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (45) കൊല്ലപ്പെട്ടത്. തൊട്ടുപിന്നിൽ നടന്നുവരികയായിരുന്ന ആൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.
ഉരുളൻതണ്ണി ഫോറസ്റ്റ് സ്‌റ്റേഷനുസമീപം ക്ണാച്ചേരിക്ക് പോകുന്ന വഴിയിൽ തിങ്കൾ രാത്രി എട്ടരയ്‌ക്കാണ് സംഭവം. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. കെഎസ്‌ആർടിസി ബസിൽ ക്‌ണാച്ചേരിയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിയുടെ ഇരുവശവും കാടാണ്. കുറച്ച് ദൂരം പിന്നിടുമ്പോൾ മാത്രമാണ് ജനവാസമേഖല. കാട്ടാനയുടെ മുന്നിൽ അകപ്പെട്ട എൽദോസിന് രക്ഷപ്പെടാനായില്ല. പിന്നിൽ ഉണ്ടായിരുന്ന ആൾ രക്ഷപ്പെട്ട് ഓടി നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.
എൽദോസിന്റെ തല ഒഴികെ ചിന്നഭിന്നമായ നിലയിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് പുത്തൻകുരിശ് ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആന്റണി ജോൺ എംഎൽഎയും വിവരമറിഞ്ഞ് സ്ഥലത്തെത്തി. എൽദോസിന്റെ അമ്മ: റൂത്ത് (അന്ന).ശനി വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിക്കുസമീപം കാട്ടാന പിഴുതെറിഞ്ഞ മരം വീണ് എൻജിനിയറിങ് വിദ്യാർഥിനിയും കൊല്ലപ്പെട്ടിരുന്നു.









0 comments