പത്തനംതിട്ട അപകടം; ഉള്ളിൽ സങ്കടക്കടൽ

കോന്നി
വിവാഹത്തിന് ഒത്തുചേര്‍ന്നതിന്റെ സന്തോഷം അവസാനിക്കുമുമ്പ് ദുഃഖത്തിന്റെ കാര്‍മേഘം പെയ്‌തിറങ്ങുകയായിരുന്നു അനുവിന്റെയും നിഖിലിന്റെയും വീടുകളിൽ.ദുരന്തത്തിൽ തേങ്ങലടക്കാൻ പാടുപെടുകയാണ് മല്ലശേരിയും, വട്ടക്കുളഞ്ഞിയും. തിങ്കളാഴ്ച മകളുടെ ജന്മദിനത്തിന് ആഘോഷമൊരുക്കി അനുവിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു അമ്മ നിഷയും സഹോദരൻ ആരോണും കുടുംബാംഗങ്ങളും.
ഞായര്‍ രാവിലെ ജീവനറ്റ അനുവിന്റെയും അച്ഛൻ ബിജുവിന്റെയും ശരീരമാണ് ഉറ്റവര്‍ക്ക് കാണാനായത്. ഇരു കുടുംബങ്ങളെയും നാട്ടുകാർ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിരുന്നത്. സ്വന്തം വീട്ടിലെ വേർപാടുപോലെ തേങ്ങുകയാണ് സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ.
പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയിലെ അംഗങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു നിഖിലും അനുവും. ളാക്കൂരിൽ താമസിച്ചിരുന്ന നിഖിലും കുടുംബവും പത്ത് വർഷം മുമ്പാണ് മല്ലശേരിയിൽ പുതിയ വീട് വച്ച് താമസം മാറുന്നത്. 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നിഖിലിന്റെ അച്ഛൻ 10 വർഷം മുമ്പ് നാട്ടിലെത്തുന്നത്. 20 വർഷത്തെ സൈനിക ജീവിതം അവസാനിപ്പിച്ചാണ് ബിജു പി ജോർജ് നാട്ടിലെത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറായി ബിജു കുറച്ചുകാലം പ്രവർത്തിച്ചു. ബിജുവിന്റെ മൃതദേഹം ഞായറാഴ്‌ച ആശുപത്രിയില്‍ പൊതുദർശനത്തിന് വച്ചു.









0 comments