9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന്‌ പ്രതിക്കെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 09:54 AM | 0 min read

നാദാപുരം > കൈനാട്ടിയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചുവീഴ്‌ത്തി നിർത്താതെപോയ കേസിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ചതിന്‌  പ്രതിയായ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ സി ഷജീലി(36)നെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.  

കാറിന്റെ ഇൻഷുറൻസ് തുക തട്ടാനായി മതിലിൽ ഇടിച്ച് അപകടമുണ്ടായതായി വ്യാജ ഫോട്ടോ നിർമിച്ച്‌ ഇൻഷുറൻസ് സർവേയർക്ക് സമർപ്പിച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് കേസ്. 36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത്. അപകടത്തിൽ വീട്ടമ്മ മരിച്ചു.  ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി  ബെന്നിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടിച്ചുവീഴ്‌ത്തി നിർത്താതെ പോയ കാർ പ്രതിയുടേതാണെന്ന്‌ തിരിച്ചറിഞ്ഞത്. നിലവിൽ പ്രതി ഷജീൽ വിദേശത്താണുള്ളത്.

2024 ഫെബ്രുവരി 18 നാണ് കൈനാട്ടിയിൽ ഷജീലും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ അപകടം ഉണ്ടാക്കിയത്. നിർത്താതെ ഓടിച്ചുപോയ കാർ  ഫെബ്രുവരി 23ന് പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽവച്ച് മതിലിലിടിച്ച്‌ അപകടത്തിൽപ്പെട്ടെന്ന് വരുത്തിത്തീർത്താണ് ഇൻഷുറൻസ് കമ്പനിയെ വഞ്ചിച്ചത്. അതേസമയം,  ഷജീൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകി. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തിനിടയിലാണ് പ്രതി ജാമ്യാപേക്ഷ സമർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home