അവഗണിച്ചാലും കുതിച്ചുയരും; ഇവിടെ കൂലിയുണ്ട്, ആരോഗ്യമുണ്ട്, അന്തസ്സുണ്ട്

ന്യൂഡൽഹി > രാജ്യത്ത് ഗ്രാമീണ മേഖലയിൽ തൊഴിലാളികള്‍ക്ക് ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ. ആരോഗ്യ, സാമൂഹ്യമേഖലകളിലും ഏറ്റവും മികവ് കേരളത്തിനെന്നും റിസര്‍വ് ബാങ്കിന്റെ 2023–-24ലെ റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശും യുപിയും ഗുജറാത്തും ത്രിപുരയും ഏറ്റവും പിന്നില്‍. ഗ്രാമങ്ങളിൽ ഏറ്റവും ഉയർന്ന വേതനം നിലനിൽക്കുന്ന കേരളത്തിലാണ് മാതൃമരണ, ശിശുമരണ നിരക്കുകൾ ഏറ്റവും കുറവ്. മെച്ചപ്പെട്ട വേതനം ലഭിക്കുന്ന, ജമ്മു- കശ്‌മീർ, തമിഴ്‌നാട് എന്നിവിടങ്ങളിലും മാതൃമരണ, ശിശുമരണ നിരക്കുകൾ താരതമ്യേന കുറവാണ്. എന്നാൽ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ലഭിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാതൃമരണ, ശിശുമരണ നിരക്കുകൾ വളരെ കൂടുതലാണ്. തൊഴിലാളികളുടെ വേതനത്തിന് ആരോഗ്യ, സാമൂഹ്യ മേഖലകളിലെ മികവുമായി ബന്ധമുണ്ടെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
ഗ്രാമീണ മേഖലയിൽ കെട്ടിടനിർമാണ തൊഴിലാളികൾക്ക് 893.6 രൂപ, കർഷകത്തൊഴിലാളികൾക്ക് 807.2 രൂപ, കാർഷികേതര തൊഴിലാളികൾക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തിൽ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണിത്. കെട്ടിടനിര്‍മാണ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരി 417.3 രൂപ. കര്‍ഷകതൊഴിലാളികളുടേത് 372.7 രൂപയും കാര്‍ഷികേതര തൊഴിലാളികളുടേത് 371.4 രൂപയും. ഉയര്‍ന്നകൂലി ലഭിക്കുന്നതിനാലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് തൊഴിലാളികൾ പ്രവഹിക്കുന്നത്–- റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
Tags
Related News

0 comments