Deshabhimani

ശബരിമലയിലെ 'മഴ പിടിക്കാൻ' സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും മഴമാപിനികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:57 PM | 0 min read

പത്തനംതിട്ട > ശബരിമലയിലെ മഴയുടെ അളവ് അറിയാനായി മഴ മാപിനികൾ. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സ്ഥാപിച്ച മൂന്ന് മഴ മാപിനികൾ മേഖലയിൽ പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും സഹായകരമാകുന്നുണ്ട്.

മണ്ഡലകാലം തുടങ്ങിയ നവംബർ 15 നാണ് സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും സംയുക്തമായി ഓരോ മഴ മാപിനി വീതം സ്ഥാപിച്ചത്.  സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിൽ പോലീസ് മെസ്സിന് സമീപവുമാണ് മഴ മാപിനികൾ സ്ഥാപിച്ചിട്ടുള്ളത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവിട്ട് ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്നും മഴയുടെ അളവ് എടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മുഴുവൻ മഴയുടെ കൃത്യമായ രേഖപ്പെടുത്തൽ നടക്കുന്നു. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയാണ്.  

ഇതുവരെയുള്ള കണക്കെടുത്താൽ സന്നിധാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഡിസംബർ 13 പുലർച്ചെ 5.30നാണ്- 27 മില്ലിമീറ്റർ.  
ഇതേ ദിവസം, ഇതേ സമയം പെയ്ത 24.2 മില്ലിമീറ്റർ മഴയാണ് പമ്പയിലെ ഏറ്റവും കൂടിയ മഴ. മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഇഒസി) 7 പേരും പമ്പയിലും നിലയ്ക്കലിലും ആറു പേരും 24 മണിക്കൂറും ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ഇതിനു പുറമേ കളക്ടറേറ്റിൽ രണ്ടു പേരുമുണ്ട്.  പത്തനംതിട്ട ജില്ലാ കളക്ടറുടെ കീഴിൽ എഡിഎം അരുൺ എസ് നായരുടെ നേതൃത്വത്തിൽ മഴയുടെ അളവ് നിരീക്ഷിക്കുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home