ഫോൺ ചോർത്തൽ ; പി വി അൻവറിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണം ; ഹൈക്കോടതി നോട്ടീസയച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:39 AM | 0 min read


കൊച്ചി
രാഷ്ട്രീയനേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം ഫോൺകോളുകൾ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി വി അൻവർ എംഎൽഎക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര–സംസ്ഥാന സ‌ർക്കാരുകൾക്ക്‌ നോട്ടീസയച്ചു. സിബിഐ, ഡിആർഐ, മലപ്പുറം സൈബർ പൊലീസ് എന്നിവയുടെ വിശദീകരണവും തേടി. പ്ലാന്ററും ബിസിനസുകാരനുമായ കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രന്റെ ഹർജിയിൽ  ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നടപടിയെടുത്തത്.

ഫോൺ ചോർത്തിയെന്ന്‌ അൻവർ പരസ്യമായി പറഞ്ഞതാണെന്നും  എംഎൽഎയുടെ നടപടി ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയുടെ ലംഘനമായതിനാൽ അന്വേഷണം സിബിഐ പോലുള്ള ഏജൻസിയെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിഷയം വീണ്ടും ജനുവരി 16ന് പരിഗണിക്കും.
വയർലെസ് സന്ദേശങ്ങൾ ചോർത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ മുരുകേശ് നരേന്ദ്രൻ ഒരു ചാനലിന് 50 ലക്ഷം രൂപ കൈമാറിയെന്ന് പി വി അൻവർ നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആ സാഹചര്യത്തിൽ അൻവർ തന്റെ ഫോണും ചോർത്തിയിട്ടുണ്ടാകുമെന്നും ഹർജിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home