എത്തേണ്ട ട്രെയിൻ വൈകി, പോകേണ്ട വണ്ടി കിട്ടിയില്ല ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിൻ തടഞ്ഞ്‌ യാത്രക്കാരുടെ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:02 PM | 0 min read

ഷൊർണൂർ > എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ്‌ എത്താൻ വൈകിയതിലും നിലമ്പൂർ ട്രെയിൻ കിട്ടാത്തതിലും പ്രതിഷേധിച്ച്‌ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ ട്രെയിൻ തടഞ്ഞു. അഞ്ഞൂറോളം യാത്രക്കാരാണ്‌ വെള്ളിയാഴ്‌ച രാത്രി പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ഷൊർണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന (06455) ട്രെയിൻ ഒന്നര മണിക്കൂറോളം അവർ തടഞ്ഞിട്ടു.

ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് (16307) ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 7.47നാണ് എത്തേണ്ടത്.എന്നാൽ, വെള്ളിയാഴ്‌ച ട്രെയിൻ 8.20നാണ് എത്തിയത്. അപ്പോഴേക്കും ഷൊർണൂർ–-നിലമ്പൂർ പാസഞ്ചർ (06475) കൃത്യസമയമായ 8.10നുതന്നെ പോയി. ഇതാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്‌. നിലമ്പൂരിലേക്ക് യാത്ര തുടരാൻ വേറെ സംവിധാനം ഒരുക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. വയസ്സായവരും കുട്ടികളുമുൾപ്പെടെ പ്രതിഷേധത്തിൽ ചേർന്നു. എല്ലാദിവസവും വൈകിയാണ് എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌ ഷൊർണൂരിൽ എത്തുന്നതെന്ന്‌ യാത്രക്കാർ പറഞ്ഞു.

പ്രതിഷേധിച്ച യാത്രക്കാരുമായി റെയിൽവേ അധികൃതർ ചർച്ച നടത്തിയെങ്കിലും കോഴിക്കോട്ടേക്കുള്ള ട്രെയിൻ കടത്തിവിടാൻ തയ്യാറായില്ല. നിലമ്പൂരിലേക്കുള്ള യാത്രക്കാർക്ക്‌ പോകാൻ വാഹനം ഏർപ്പെടുത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. രാത്രി 9.51ന്‌ യാത്രക്കാർ തടഞ്ഞിട്ട കോഴിക്കോട്‌ ട്രെയിൻ ഷൊർണൂരിൽനിന്ന്‌ പുറപ്പെട്ടു.  ഷൊർണൂരിൽനിന്ന്‌ നിലമ്പൂരിലേക്ക്‌ രാത്രി 8.10നുള്ള ട്രെയിൻ പോയാൽ അടുത്ത വണ്ടി പുലർച്ചെ 3.50നാണ്. ഷൊർണൂർ–-നിലമ്പൂർ ട്രെയിനിന്റെ സമയം  8.10നുതന്നെയാണെന്നും അത്‌ കണക്ഷൻ വണ്ടിയല്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിന്റെ സമയവും ഈ ട്രെയിനും തമ്മിൽ ബന്ധമില്ലെന്നും ഷൊർണൂർ ജങ്‌ഷൻ റെയിൽവേ അധികൃതർ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home