സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

തിരുവനന്തപുരം
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന സാക്ഷികൂടിയായിരുന്ന ചലച്ചിത്ര സംവിധായകൻ പി ബാലചന്ദ്രകുമാർ (51) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളി പുലർച്ചെയായിരുന്നു മരണം. കുറേക്കാലമായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ ഹൃദയാഘാതവും തലച്ചോറിലെ അണുബാധയും ആരോഗ്യസ്ഥിതി ഗുരുതരമാക്കി. മൃതദേഹം നെയ്യാറ്റിൻകര തിരുപുറത്തെ ‘ഉഷസ്’ വീട്ടിൽ പൊതുദർശനത്തിനുവച്ചു. നാട്ടുകാരും സുഹൃത്തുക്കളും അന്ത്യാഞ്‌ജലി അർപ്പിച്ചു. വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ഷീബ. മക്കൾ: പങ്കജ് കൃഷ്‌ണ, ആഷി കൃഷ്‌ണ.
അസി. ഡയറക്‌ടറായാണ് സിനിമാജീവിതം തുടങ്ങിയത്. 2013ൽ ആസിഫ് അലി നായകനായ ‘കൗബോയ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ദിലീപിനെ നായകനാക്കിയുള്ള ‘പിക്പോക്കറ്റ്’ എന്ന ചിത്രത്തിന്റെ സംവിധാനം മുമ്പ് തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാക്കാനായിരുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) അവരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിലേക്ക് പൊലീസ് കടന്നത്. കോടതിയിൽ രഹസ്യമൊഴിയും നൽകി. പല ഭാഗത്തുനിന്നും ഭീഷണിയുണ്ടായിരുന്നെങ്കിലും മൊഴിയിൽ അവസാനംവരെ ഉറച്ചുനിന്നു.
നടിയെ ആക്രമിച്ച കേസ് ; നിർണായക മൊഴികൾ നൽകി ബാലചന്ദ്രകുമാറിന്റെ മടക്കം
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന, കേസ് അട്ടിമറിക്കാൻ എട്ടാംപ്രതി നടൻ ദിലീപ് നടത്തിയ നീക്കങ്ങൾ എന്നിവയിൽ പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായിരുന്നു അന്തരിച്ച സംവിധായകൻ പി ബാലചന്ദ്രകുമാർ. കേസിൽ അന്തിമവാദം പുരോഗമിക്കവെയാണ് അദ്ദേഹത്തിന്റെ മരണം. എന്നാൽ, മൊഴികൾ നേരത്തേ രേഖപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ വിയോഗം കേസിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രോസിക്യൂട്ടർ വി അജകുമാർ പറഞ്ഞു. സാക്ഷികൾ വീണ്ടും കോടതിയിലെത്തേണ്ട ആവശ്യം ഇനിയില്ല.
കേസിൽ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്ന നിർണായക വെളിപ്പെടുത്തലും നടത്തി. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴിയും നൽകി. വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ എറണാകുളത്തെ വിചാരണക്കോടതിയിലെ വിസ്‌താരത്തിന് തിരുവനന്തപുരം ജില്ലാ കോടതിയിൽനിന്ന് ഓൺലൈനായാണ് ബാലചന്ദ്രകുമാർ ഹാജരായിരുന്നത്.









0 comments