കോൺഗ്രസിൽ അടി മൂർച്ഛിച്ചു ; സതീശനെതിരെ മുരളീധരനും ചാണ്ടി ഉമ്മനും

തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഏകാധിപത്യ നിലപാടിനെതിരെ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം അടക്കമുള്ള പുനഃസംഘടനാ വിഷയത്തിൽ മിണ്ടരുതെന്ന തീട്ടൂരത്തെ കെ മുരളീധരനും സതീശന്റെ പുച്ഛഭാവത്തെ നേരിടാൻ ഉറപ്പിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തി. സൈബർ ഇടങ്ങളിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടെ ആക്രമിച്ച് തന്നെ നിർവീര്യമാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചാണ്ടി ഉമ്മൻ തുറന്നെതിർക്കുകയാണ്. തന്നോടുള്ള എതിർപ്പിന് പിതാവ് ഉമ്മൻ ചാണ്ടിയെ അക്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ കല്ലറയ്‌ക്കു മുന്നിൽ ഏകനായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. പറയാനുള്ളത് പറയാൻ മടിയില്ല. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. പാലക്കാട് തന്നെ അവഗണിച്ചുവെന്ന് അദ്ദേഹം ആവർത്തിച്ചു.
കെ സുധാകരനെ മാറ്റാനുള്ള ചിലരുടെ നീക്കത്തെ വിമർശിച്ച് കെ മുരളീധരൻ വീണ്ടും രംഗത്തെത്തി. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ല. അങ്ങനെയൊരു ചർച്ച നടക്കുകയാണെങ്കിൽ ഞങ്ങളൊക്കെ അറിയുമല്ലോ. ചർച്ചയുടെ കഥകളൊക്കെ ആരാണുണ്ടാക്കിയതെന്നറിയില്ല. ഇത് അനാവശ്യമായ ചർച്ചയാണ്. ചർച്ച നടക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടന ചർച്ച വേണ്ടെന്ന നിർദേശം തള്ളിയാണ് പല നേതാക്കളും രംഗത്തുള്ളത്.
Related News

0 comments