വ്യക്തിപരമായ ആക്രമണം 
അവസാനിപ്പിക്കണം: 
ചാണ്ടി ഉമ്മൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 01:59 AM | 0 min read


കോട്ടയം
കോൺഗ്രസുകാർ, ഉമ്മൻചാണ്ടിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ചാണ്ടി ഉമ്മൻഎംഎൽഎ .‘‘മരിച്ച് ഒന്നരവർഷമായിട്ടും ഉമ്മൻചാണ്ടിയെ വെറുതെ വിടുന്നില്ല. പിതാവിന്റെ പേരുപറഞ്ഞ്‌ എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനുമുമ്പ്‌ തുടങ്ങിയ ആക്രമണം തുടരുകയാണ്. പാർടിയിൽ സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസുകാരൻ ആയിരിക്കും. പാർടിയെ അനുസരിക്കും’’–- ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കല്ലറയിലെ ഫോട്ടോ പുതിയത് വയ്ക്കാനായി മാറ്റിയതിനെതുടർന്ന് താനും കുടുംബവും വ്യക്തിപരമായ ആക്രമണങ്ങൾ നേരിടുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ചാണ്ടി ഉമ്മനെ അനുകൂലിച്ച 
കെപിസിസി അംഗം പുറത്ത്‌
ചാണ്ടി ഉമ്മനെ അനുകൂലിച്ച കെപിസിസി അംഗത്തെ പാർടി മാധ്യമ വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കി. കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി കൂടിയായ ജെ എസ്‌ അഖിലിനെയാണ്‌ വക്താവ്‌ സ്ഥാനത്തുനിന്ന്‌ ഒഴിവാക്കിയത്‌. കെപിസിസി മാധ്യമപാനൽ ഗ്രൂപ്പിൽനിന്നും അഖിലിനെ നീക്കി.ചാണ്ടി ഉമ്മനെ പിന്തുണച്ച്‌ ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നാരോപിച്ച്‌ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ദീപ്‌തി മേരി വർഗീസാണ്‌ കെപിസിസി വക്താക്കളുടെ ഗ്രൂപ്പിൽ നിന്ന്‌ അഖിലിനെ പുറത്താക്കിയത്‌. ഇക്കാര്യം അന്വേഷിച്ച്‌ വിളിച്ച മാധ്യമപ്രവർത്തകരോട്‌ അഖിൽ ഇനി മാധ്യമ വക്താവ്‌ സ്ഥാനത്തുണ്ടാവില്ലെന്ന്‌ വ്യക്തമാക്കി. കെപിസിസി മാധ്യമവിഭാഗത്തിന്റെ അനുമതിയില്ലാതെയാണ്‌ അഖിൽ ചർച്ചയിൽ പങ്കെടുത്തതെന്നാണ്‌ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പരിഗണിച്ചില്ലെന്ന്‌ അഖിൽ പറഞ്ഞു.

ഔദ്യോഗിക ഗ്രൂപ്പിൽനിന്നല്ല അഖിലിനെ പുറത്താക്കിയതെന്നാണ്‌ കെപിസിസി നേതൃത്വത്തിന്റെ പ്രതികരണം. ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക വാട്ട്‌സാപ്‌ ഗ്രൂപ്പില്ലെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു പ്രതികരിച്ചു. അതേസമയം ഔദ്യോഗിക സ്വഭാവത്തിലാണ്‌ ഗ്രൂപ്പ്‌ പ്രവർത്തിക്കുന്നതെന്നും വി ഡി സതീശന്റെ നിർദേശപ്രകാരമാണ്‌ നടപടിയെന്നുമാണ്‌ അഖിലിനെ അനുകൂലിക്കുന്നവർ പറയുന്നത്‌.

‘റീൽസല്ല പാർടി പ്രവർത്തനമെന്ന്‌ തിരിച്ചറിയണം’
സമൂഹമാധ്യമങ്ങളിൽ റീൽസിട്ട്‌ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ മാത്രമാണ്‌ നേതൃത്വം പരിഗണിക്കുന്നുവെന്ന ആശങ്കയുള്ള ഒരുകൂട്ടം ചെറുപ്പക്കാർ പാർടിയിലുണ്ടെന്ന തുറന്നുപറച്ചിലുമായി കെപിസിസി അംഗം ജെ എസ്‌ അഖിൽ. ചാണ്ടി ഉമ്മനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാൻ അനുവദിക്കില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പാർടിയിൽനിന്ന്‌ പുറത്താകുമെന്ന്‌ ആരും കരുതേണ്ട. ആരുടെയോ നിർദേശപ്രകാരമാണ്‌ തന്നെ നീക്കിയതെന്ന്‌ സംശയിക്കുന്നതായും വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ടശേഷം അഖിൽ പ്രതികരിച്ചു.

വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയെന്ന്‌ ഔദ്യോഗിക അറിയിപ്പ്‌ ലഭിച്ചിട്ടില്ല. ഗ്രൂപ്പുകളിൽനിന്ന്‌ ഒഴിവാക്കിയതായി കണ്ടു. ഏതുതരത്തിലാണ്‌ അത്തരത്തിൽ ഒരുനീക്കം ഉണ്ടായതെന്ന്‌ അറിയില്ല. താൻ എന്തുതെറ്റ്‌ ചെയ്‌തുവെന്ന്‌ ബോധ്യപ്പെടുത്തേണ്ടത്‌ നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്‌. ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചവരുടെ കൂട്ടത്തിൽ താനില്ലെന്നും അഖിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home