അടാട്ട് ബാങ്ക് ; കോൺഗ്രസ് കൊള്ള: 13 കോടി വായ്‌പക്ക് ഈട് പുറമ്പോക്ക് ഭൂമി

തൃശൂർ
കോൺഗ്രസ് ഭരണകാലത്ത് സർക്കാർ പുറമ്പോക്കുഭൂമി ഈട് നൽകി അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽനിന്ന് കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കുറ്റപത്രം. കോൺഗ്രസ് ഭരണകാലത്ത് അടാട്ട് ബാങ്കിലേയും തൃശൂർ ജില്ലാ പാഡി മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിലേയും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് നെല്ല് സംഭരണവും വിൽപ്പനയുമെന്ന വ്യാജേനയാണ് വൻ വെട്ടിപ്പ് നടത്തിയത്. സിപിഐ എം ചിറ്റിലപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ സന്തോഷ് ചിറ്റിലപ്പിള്ളി നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ഡിവൈഎസ്‌പി പി ഷിബു ചൊവ്വാഴ്‌ചയാണ് വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. നേരത്തെ രണ്ടു കേസിൽ കുറ്റപത്രം നൽകിയിരുന്നു.
കോൺഗ്രസ് അടാട്ട് മണ്ഡലം പ്രസിഡന്റുമാരും അടാട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും അടാട്ട് ബാങ്ക് ഭരണസമിതി അംഗങ്ങളുമായിരുന്ന വി ഒ ചുമ്മാർ, ടി ആർ ജയചന്ദ്രൻ, അടാട്ട് ബാങ്ക് പ്രസിഡന്റായിരുന്ന എം വി രാജേന്ദ്രൻ, തൃശൂർ ജില്ലാ പാഡി മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം പ്രസിഡന്റായിരുന്ന ദിവാകരൻ കുന്നത്ത്, വൈസ് പ്രസിഡന്റുമാരായ ടി കെ ശിവശങ്കരൻ, കെ രാമചന്ദ്രൻ എന്നീ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 20 പേരാണ് പ്രതികൾ. പദവികൾ ദുരുപയോഗം ചെയ്‌തും ഗൂഢാലോചന നടത്തിയും പ്രതികൾ പണം സമ്പാദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ കെപിസിസി എക്‌സിക്യൂട്ടിവ് അംഗം അനിൽ അക്കരയുടെ അടുത്തയാളുകളാണ്.
അടാട്ട് ഫാർമേഴ്‌സ് ബാങ്കിൽ നിന്നും പാഡി മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സംഘത്തിന് (അത്താണി കാർത്തിക റൈസ് ) ചട്ടംലംഘിച്ച് 6.58 കോടി അനുവദിച്ചതായാണ് പരാതി. പിന്നീട് വായ്‌പ 13.30 കോടിയായി. ഇതിൽ പത്തുകോടിയോളം ഇനിയും തിരിച്ചടക്കാനുണ്ട്. വായ്‌പയ്‌ക്ക് ഈടായി നൽകിയ ഭൂമി പുറമ്പോക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു സർവേ നമ്പറിലുള്ള ഈ ഭൂമികൾക്ക് ആധാരമോ പട്ടയമോ ഇല്ല. വെള്ള പേപ്പറിൽ ഈട് സ്വീകരിച്ചാണ് വായ്‌പ അനുവദിച്ചത്.









0 comments