ഇനി കേരളത്തിന്റെ മകൾ ; സർക്കാർ ജോലിയിൽ ശ്രുതി

കൽപ്പറ്റ
സർക്കാർ ജീവനക്കാരിയായി രജിസ്റ്ററിൽ ഒപ്പിടുമ്പോൾ ശ്രുതിയുടെ മനസ്സിൽ ഒരു ഉരുൾപൊട്ടുന്നുണ്ടായിരുന്നു. സങ്കടങ്ങളെല്ലാം ഒഴുക്കിക്കളയുന്ന ഉരുൾ. ‘ഒരുപാട് സന്തോഷം. സർക്കാർ പറഞ്ഞതുപോലെ ജോലിതന്നു. ജീവിതത്തിന് കൈത്താങ്ങായി. നന്ദിയുണ്ട്’.- ദുരന്ത ഓർമകളെല്ലാം മറന്ന് പുഞ്ചിരിതൂകി കേരളത്തിന്റെ മകൾ പുതിയ ജീവിതത്തിലേക്ക് ചുവടുവച്ചു. മുണ്ടക്കൈ ദുരന്തത്തിൽ സർവരും നഷ്ടമായ ശ്രുതി തിങ്കളാഴ്‌ചയാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്.
ഇനി പുതിയ വിലാസം. എസ് ശ്രുതി, ക്ലർക്ക്, പിജി സെൽ, കലക്ടറേറ്റ്, വയനാട്. ചൂരൽമലയിൽ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ശ്രുതി വിവാഹ ഒരുക്കത്തിലേക്ക് കടക്കുമ്പോഴായിരുന്നു ഉരുൾപൊട്ടൽ. അച്ഛനും അമ്മയും സഹോദരിയും മരണപ്പുഴയിലൊഴുകി. പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടപ്പെട്ടു.
ശ്രുതിയുടെ കാലിനും പരിക്കേറ്റു. ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് തണലായി സർക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും പറഞ്ഞിരുന്നു. കഴിഞ്ഞ 28ന് ഉത്തരവിറക്കി. തിങ്കൾ വയനാട് കലക്ടറേറ്റിലെത്തി എഡിഎം കെ ദേവകി മുമ്പാകെ ജോലിയിൽ പ്രവേശിച്ചു. ഒപ്പിട്ടുകഴിഞ്ഞതും മുന്നേറാനുള്ള ആത്മധൈര്യത്തിന്റെ വാക്കുകളുമായി മന്ത്രി കെ രാജന്റെ വിളിയെത്തി. നടപടിക്രമം പൂർത്തിയാക്കി റവന്യു വകുപ്പിലെ പിജി സെല്ലിലെ സീറ്റിലേക്ക്. സഹകരണ ക്ഷേമബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രനും സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബുവും ഒപ്പമുണ്ടായിരുന്നു.
0 comments