വി ഡി സതീശനെതിരെ അഭിപ്രായ ഏകീകരണം ; പിടിമുറുക്കാൻ സഭയും

തിരുവനന്തപുരം
കെപിസിസി, ഡിസിസി പുനഃസംഘടന അത്യാവശ്യമാണെങ്കിലും സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന ധാരണയിൽ പ്രബല നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിരുദ്ധ ലോബിയിലുള്ള നേതാക്കളിലാണ് ഈ അഭിപ്രായ ഐക്യം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. അതിനുള്ള വഴി അടയ്ക്കുകയാണ് പ്രബലരായ നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെയും നേട്ടമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കെ മുരളീധരൻ പരസ്യമായി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സുധാകരനെ മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിപ്രായ പ്രകടനവും സതീശൻ ക്യാമ്പിനെ ആശയക്കുഴപ്പത്തിലാക്കി.
കെ സി വേണുഗോപാലും സുധാകരനെ നീക്കണമെന്ന അഭിപ്രായക്കാരനല്ല. സ്വയം ഒഴിയുമെന്നുപറഞ്ഞാൽ പിടിച്ചുനിർത്തേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. സുധാകരനെ മാറ്റിയേ അടങ്ങൂവെന്ന നിലപാടെടുത്ത് പരാജയപ്പെട്ടാൽ വലിയ ക്ഷീണമാകും എന്നതാണ് സതീശനെ അലട്ടുന്ന പ്രശ്നം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വിലപേശാൻ ക്രൈസ്തവ സഭാനേതൃത്വം രംഗത്ത് വരുന്നതായും പറയുന്നു.
സഭകളിലെ കോൺഗ്രസ് പക്ഷക്കാരാണ്, അകന്നുപോകുന്ന ക്രൈസ്തവരെ അടുപ്പിക്കാൻ അധ്യക്ഷസ്ഥാനം ആവശ്യപ്പെടുന്നത്. സണ്ണി ജോസഫിനെയും ബെന്നി ബെഹ്‌നാനെയും ചിലർ ഉയർത്തിക്കാട്ടുന്നു. മുതിർന്ന നേതാക്കളാണ് നയിക്കാൻ വേണ്ടതെന്നാണ് ഇവരുടെ ന്യായം. യുവരക്തത്തിന്റെ പേരിൽ ആരെയെങ്കിലും സംസ്ഥാന അധ്യക്ഷനാക്കിയാൽ വി ഡി സതീശന്റെ ഏകാധിപത്യത്തിലേക്ക് പാർടിയെ വിട്ടുകൊടുക്കലാകും ഫലമെന്നും മുതിർന്ന നേതാക്കൾ പറയുന്നു. മൂന്നാഴ്‌ചയ്ക്കകം പുനഃസംഘടനയെന്ന സുധാകരന്റെ പ്രഖ്യാപനം വെറുംവാക്ക് ആകാനാണ് സാധ്യതയെങ്കിലും ചർച്ചകൾ സജീവമാണെന്ന് നിലവിലുള്ള കെപിസിസി ഭാരവാഹികളിൽ ചിലർ വ്യക്തമാക്കുന്നു.









0 comments